കോട്ടയം > ജർമ്മൻയുവതിയെ ട്രെയിനിൽ വച്ച് കടന്നുപിടിച്ച്‌ ചുംബിച്ച കേസിൽ പാൻട്രി ജീവനക്കാരൻ പിടിയിൽ. മധ്യപ്രദേശ് സ്വദേശിയായ ഇന്ദ്രപാൽ സിങ്ങി (40) നെയാണ് റെയിൽവേ എസ്എച്ച്ഒ റെജി പി ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ കന്യാകുമാരി പൂനെ എക്സ്പ്രസിൽ ആയിരുന്നു സംഭവം. ട്രെയിനിലെ എസി കമ്പാർട്ട്മെന്റിൽ യാത്ര ചെയ്യുകയായിരുന്നു 25 കാരിയായ ജർമ്മൻ യുവതി. ട്രെയിൻ തിരുവല്ല സ്റ്റേഷനിൽ എത്തിയപ്പോൾ എസി കമ്പാർട്ട്മെന്റിൽ എത്തിയ ഇന്ദ്രപാൽ സിങ്ങ് യുവതിയെ കടന്നുപിടിക്കുകയായിരുന്നു എന്നാണ് പരാതി. യുവതി ബഹളം വച്ചതോടെ പ്രതിയെ ട്രെയിനിലെ മറ്റ് യാത്രക്കാർ ചേർന്ന് തടഞ്ഞുവച്ചു.

കോട്ടയം റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോൾ റെയിൽവേ എസ്എച്ച്ഒ റെജി പി ജോസഫിൻെറ നേതൃത്വത്തിൽ ഗ്രേഡ് എസ് ഐ സന്തോഷ് , സീനിയർ സി പി ഒ മധു എന്നിവർ ചേർന്ന് പ്രതിയെ കസ്റ്റഡിയിൽ എടുത്തു. പിന്നീട്‌ ടിടിഇ യുടെ റിപ്പോർട്ടും യുവതിയുടെ പരാതിയും എഴുതി വാങ്ങിയശേഷം ഇയാൾക്കെതിരെ കേസെടുത്തു. പ്രതിയെ കോടതിയിൽ ഹാജരാക്കി.