
ഇന്റര്‍നാഷണല്‍ ഡയറി ഫെഡറേഷന്‍ (ഐ.ഡി.എഫ്) രാജ്യത്താദ്യമായി സംഘടിപ്പിക്കുന്ന ‘റീജിയണല്‍ ഡയറി കോണ്‍ഫറന്‍സ് – ഏഷ്യ പസഫിക് 2024’ ത്രിദിന സമ്മേളനത്തിന് തുടക്കമായി. കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര വികസന മന്ത്രാലയം, നാഷണല്‍ ഡയറി ഡെവലപ്മെന്റ് ബോര്‍ഡ് (എന്‍ ഡി ഡി ബി ) എന്നിവയുടെ സഹകരണത്തോടെ കൊച്ചി ഗ്രാന്‍ഡ് ഹയാത്തില്‍ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു.

കാലാവസ്ഥാ വ്യതിയാനം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ ക്ഷീരമേഖല നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കാന്‍ ക്രിയാത്മകമായ നടപടികള്‍ ആവശ്യമാണ്. ക്ഷീരമേഖലയിലെ സാങ്കേതിക മുന്നേറ്റം കര്‍ഷകര്‍ക്കുകൂടി ഗുണകരമാകുന്ന രീതിയില്‍ പ്രയോജനപ്പെടുത്തണം. സുസ്ഥിരത, ഉത്പാദന വര്‍ധന എന്നിവയ്ക്കായി നയരൂപീകരണം നടത്തണം.
ക്ഷീര സഹകരണമേഖലയാണ് സംസ്ഥാനത്തെ ക്ഷീരവികസന മേഖലയ്ക്ക് ഊര്‍ജം പകര്‍ന്നത്. മൂവായിരത്തിലേറെ സഹകരണ ക്ഷീര സംഘങ്ങളാണ് കേരളത്തിലെ ക്ഷീര മേഖലയുടെ കരുത്ത്. ഇത്രയും ക്ഷീര സഹകരണ സംഘങ്ങളിലെ 3 ലക്ഷം കര്‍ഷകരില്‍ നിന്ന് പ്രതിദിനം 18 ലക്ഷം ലിറ്റര്‍ പാല്‍ സംഭരിക്കുന്നു. ക്ഷീരകര്‍ഷകരെ സഹായിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന്റേത്. സംസ്ഥാനത്ത് എട്ട് ലക്ഷം കുടുംബങ്ങള്‍ പാല്‍ ഉദ്പാദക രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്.

25.79 ലക്ഷം മെട്രിക് ടണ്ണാണ് കേരളത്തിലെ ആകെ വാര്‍ഷിക ക്ഷീരോത്പാദനം. 70.65 ലക്ഷമാണ് പ്രതിദിന പാലുത്പാദനം. തീരദേശ സംസ്ഥാനമായതിനാല്‍ പലവിധ വെല്ലുവിളികളെ നേരിടുന്നുണ്ട് കേരളം. തീറ്റയുടെയും കാലിത്തീറ്റയുടെയും ദൗര്‍ലഭ്യം, പുല്‍മേടുകളുടെ ലഭ്യതക്കുറവ്, ലേബര്‍ കോസ്റ്റ് എന്നിങ്ങനെ നിരവധി പ്രതിബന്ധങ്ങളുണ്ടെങ്കിലും ക്ഷീരകാര്‍ഷിക മേഖലയില്‍ ഏറെ മുന്നോട്ട് പോകാന്‍ സംസ്ഥാനത്തിന് കഴിഞ്ഞിട്ടുണ്ട്.
ഉപജീവന കൃഷിയില്‍ നിന്ന് സംഘടിത ക്ഷീരകര്‍ഷക രീതികളിലേക്ക് മാറി കേരളത്തിലെ ക്ഷീരമേഖല ഗണ്യമായ പുരോഗതി കൈവരിച്ചു. എങ്കിലും ക്ഷീരോത്പാദനത്തില്‍ സ്വയംപര്യാപ്തമാകാന്‍ കേരളത്തിന് ഇതുവരെ കഴിഞ്ഞിട്ടില്ല. കേരളത്തിന് അനുയോജ്യമായ ശാസ്ത്രീയ ക്ഷീര മാനേജ്മെന്റ് സംവിധാനം വേണം. ക്ഷീരകര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കാന്‍ നൂതന മാര്‍ഗങ്ങള്‍ തേടേണ്ടതായുണ്ട്.
കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീര വകുപ്പ് മന്ത്രി രാജീവ് രഞ്ജന്‍ സിംഗ് മുഖ്യപ്രഭാഷണം നടത്തി.
ഐഡിഎഫ് പ്രസിഡന്റ് ഡോ. പിയര്‍ക്രിസ്റ്റ്യാനോ ബ്രസാലെ ആമുഖ പ്രഭാഷണം നടത്തി.
കേന്ദ്ര അനിമല്‍ ഹസ്ബന്‍ഡറി ആന്റ് ഡയറിയിങ്ങ് വകുപ്പ് സെക്രട്ടറിയും ഐഡിഎഫിന്റെ ഇന്ത്യന്‍ നാഷണല്‍ കമ്മിറ്റി പ്രസിഡന്റുമായ അല്‍ക്ക ഉപാധ്യായ, അരുണാചല്‍ പ്രദേശ് ക്ഷീരവകുപ്പ് മന്ത്രി ഗബ്രിയേല്‍ ഡെന്‍വാങ് വാങ്സു, എന്‍ഡിഡിബി ചെയര്‍മാനും ഐഡിഎഫിന്റെ ഇന്ത്യന്‍ നാഷണല്‍ കമ്മിറ്റി മെമ്പര്‍ സെക്രട്ടറിയുമായ ഡോ. മീനേഷ് ഷാ, എഫ് എ ഒ ഇന്ത്യ ടകയുകി ഹാഗിവാര, സംസ്ഥാന ക്ഷീര, മൃഗസംരക്ഷണ വകുപ്പ് സെക്രട്ടറി പ്രണബ്ജ്യോതിനാഥ്, കേന്ദ്ര ക്ഷീര, മൃഗസംരക്ഷണ വകുപ്പ് അഡീഷണല്‍ സെക്രട്ടറി വര്‍ഷ ജോഷി, ഐഡിഎഫ് ഡയറക്ടര്‍ ജനറല്‍ ലോറന്‍സ് റിക്കന്‍ എന്നിവര്‍ സംസാരിച്ചു.

മൂന്ന് ദിവസത്തെ സമ്മേളനത്തില്‍ 20 രാജ്യങ്ങളില്‍ നിന്നുള്ള 1000 പ്രതിനിധികളും 500 കര്‍ഷകരും പങ്കെടുക്കുന്നു. ‘ക്ഷീരകര്‍ഷക മേഖലയുടെ ആധുനികവല്‍ക്കരണവും നവീകരണവും’ എന്ന പ്രമേയത്തില്‍ നടക്കുന്ന ത്രിദിന സമ്മേളനത്തില്‍ ആഗോള ക്ഷീര കര്‍ഷക മേഖലയ്ക്ക് നേതൃത്വം വഹിക്കുന്ന പ്രമുഖരും വിദഗ്ധരും ശാസ്ത്ര സാങ്കേതിക ചര്‍ച്ചകള്‍ക്ക് നേതൃത്വം നല്‍കും.
ആദ്യ ദിനത്തില്‍ കാലാവസ്ഥാ വെല്ലുവിളികളെ നേരിടല്‍, വണ്‍ ഹെല്‍ത്ത് തത്ത്വങ്ങള്‍, ഏഷ്യ-പസഫിക് മേഖലയിലെ ക്ഷീരവ്യവസായ വളര്‍ച്ച, നൂതന വിപണന സമീപനങ്ങള്‍, ക്ഷീരമേഖലയിലെ സമകാലിക വെല്ലുവിളികള്‍ എന്നിവ വിവിധ സെഷനുകളില്‍ ചര്‍ച്ച ചെയ്തു.
ഐഡിഎഫ്, ഗ്ലോബല്‍ സസ്‌റ്റൈനബിലിറ്റി ഫ്രെയിംവര്‍ക്ക്, കണക്റ്റിക്കട്ട് യൂണിവേഴ്‌സിറ്റി, ബില്‍ ആന്റ് മെലിന്‍ഡ ഗേറ്റ്‌സ് ഫൗണ്ടേഷന്‍, ഇന്റര്‍നാഷണല്‍ ലൈവ്‌സ്റ്റോക്ക് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട്, എഫ്എഒ, ഡയറി ഏഷ്യ, മംഗോള്‍ ബാക്ട്രിയന്‍ അസോസിയേഷന്‍, എന്നിവയുള്‍പ്പെടെ ഇന്ത്യയിലും വിദേശത്തുമുള്ള പ്രമുഖ ഡെയറി സ്ഥാപനങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്.

