
ചങ്ങനാശേരിയിൽ നിർത്തിയിട്ടിരുന്ന കാറിനു മുകളിലേക്ക് മരം കടപുഴകി വീണു. പെരുന്ന വില്ലേജ് ഓഫിസിനു മുൻപിലുണ്ടായിരുന്ന കൂറ്റൻ പുളിമരമാണ് കാറ്റത്ത് കടപുഴകി വീണത്. തിങ്കളാഴ്ച 2 മണിയോടെയായിരുന്നു അപകടം. റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറിനു മുകളിലക്കോണ് മരം വീണത്. റോഡരികിലെ വൈദ്യുതി പോസ്റ്റും തകർന്നു. പോസ്റ്റും ലൈൻ കമ്പികളുമടക്കം കാറിന് മുകളിലേക്ക് പതിച്ചു.
കാറിനുള്ളിൽ ഈ സമയം യാത്രക്കാരില്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. എംസി റോഡ് ഭാഗത്തേക്കാണ് മരം വീണത്. മരത്തിൻ്റെ ശിഖര ഭാഗം റോഡിലേക്ക് വീണതിനാൽ ഗതാഗത തടസമുണ്ടായി. അഗ്നിരക്ഷാസേന എത്തി മരം മുറിച്ചു മാറ്റി. കാർ പൂർണമായും തകർന്നു. മരംമുറിച്ചുമാറ്റിയശേഷം കെഎസ്ഇബി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തകർന്ന് വീണ ഇലക്ട്രിക് പോസ്റ്റുകൾ നീക്കം ചെയ്യുകയും വൈദ്യുതി ബന്ധം പുനസ്ഥാപിക്കുകയും ചെയ്തു.

