ദേശീയ ദുരന്ത പ്രതികരണ സേന (NDRF) യുടെ 35 അംഗ സംഘം ജില്ലയിൽ എത്തിച്ചേർന്നു.തമിഴ്‌നാട്ടിലെ ആരക്കോണം ആസ്ഥാനമായ NDRF നാലാം ബറ്റാലിയനിൽ നിന്നുള്ള സംഘമാണ് എത്തിയത്.സംഘത്തിന്റെ കമ്മാൻഡർ അലോക് കുമാറുമായി ശുക്ലയുമായി കളക്ടർ എൻ ദേവീദാസ് ചേംബറിൽ കൂടിക്കാഴ്ച നടത്തി.വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ തുടങ്ങി വിവിധ ദുരന്തസാഹചര്യങ്ങൾ നേരിടാൻ പ്രത്യേക പരിശീലനം ലഭിച്ച വിദഗ്ദ്ധരാണ് സംഘത്തിലുള്ളത്.

ഇത്തവണ കാലവർഷം ശക്തമാകുമെന്ന കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ പ്രവചനത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന സർക്കാർ ആവശ്യപ്പെട്ടത് പ്രകാരമാണ് വിവിധ ജില്ലകളിൽ NDRF സംഘത്തെ വിന്യസിച്ചിട്ടുള്ളത്.

കരുനാഗപ്പള്ളിയ്ക്കടുത്ത് തഴവയിൽ ദുരന്തനിവാരണ വകുപ്പ് പണികഴിപ്പിച്ച ചുഴലിക്കാറ്റ് അഭയകേന്ദ്രത്തിൽ സേനാംഗങ്ങൾക്ക് താമസസൗകര്യം ഒരുക്കി.ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സ്കൂൾ, കോളേജ് വിദ്യാർത്ഥികൾ, സന്നദ്ധസേനാംഗങ്ങൾ തുടങ്ങിയവർക്കായി പരിശീലന പരിപാടിയും വരും ദിവസങ്ങളിൽ സജ്ജീകരിച്ചിട്ടുണ്ട്.ജില്ലയിലെ ദുരന്തസാധ്യതാ മേഖലകൾ മനസ്സിലാക്കുന്നതിന്റെ ഭാഗമായി ഇക്കഴിഞ്ഞ മെയ് മാസത്തിൽ വെള്ളപ്പൊക്കം ബാധിച്ച പാവുമ്പ വില്ലേജിലെ സ്ഥലങ്ങൾ സംഘം കഴിഞ്ഞദിവസം സന്ദർശിച്ചു.കാലാവസ്ഥ വകുപ്പിന്റെ മഴ മുന്നറിയിപ്പ് നിര്‍ദേശം ലഭിച്ച സാഹചര്യത്തില്‍ ജനങ്ങള്‍ സുരക്ഷാ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കണം.

അപകട സാധ്യത മുന്നില്‍ കാണുന്ന ഘട്ടത്തിലും സഹായങ്ങള്‍ക്കുമായി 1077, 1070 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. വൈദ്യുതി ലൈനുകളുടെ അപകട സാധ്യത ശ്രദ്ധയില്‍ പെട്ടാല്‍ 1056 എന്ന നമ്പറില്‍ അറിയിക്കണം.പൊതുജനങ്ങൾക്ക് അടിയന്തര സഹായത്തിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാ – താലൂക്ക് തല കൺട്രോൾ റൂമുകളിലും ബന്ധപ്പെടാവുന്നതാണ്.

ജില്ലാ കൺട്രോൾ റൂം
ലാൻഡ് ലൈൻ : 0474-2794002, 2794004
മൊബൈൽ (വാട്ട്സാപ്പ്) : 9447677800
ടോൾ ഫ്രീ നമ്പർ : 1077, 0474-1077
താലൂക്ക് കൺട്രോൾ റൂം
കരുനാഗപ്പള്ളി : 0476-2620233
കുന്നത്തൂർ : 0476-2830345
കൊല്ലം : 0474-2742116
കൊട്ടാരക്കര : 0474-2454623
പത്തനാപുരം : 0475-2350090
പുനലൂർ : 0475-2222605

ചെയർമാന്‍
ജില്ലാ ദുരന്തനിവാരണ അതോറിറ്റി &
ജില്ലാ കളക്ടർ, കൊല്ലം