
തിരൂര്‍(മലപ്പുറം): തീവണ്ടിയില്‍നിന്ന് 46 കിലോ കഞ്ചാവ് പിടിച്ചെടുത്തു. ശനിയാഴ്ച രാവിലെ ചെന്നൈ സെന്‍ട്രല്‍-മംഗളൂരു മെയില്‍ സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസിൽ തിരൂരില്‍ നടത്തിയ പരിശോധനയിലാണ് നാല് ട്രാവല്‍ ബാഗുകളിലായി സൂക്ഷിച്ച കഞ്ചാവ് കണ്ടെടുത്തത്. സംഭവത്തില്‍ പ്രതികളെ പിടികിട്ടിയിട്ടില്ല.
ആര്‍.പി.എഫും എക്‌സൈസും ചേര്‍ന്നാണ് തീവണ്ടിയില്‍ പരിശോധന നടത്തിയത്. ട്രാവല്‍ ബാഗുകളില്‍ 35 പാക്കറ്റുകളിലായാണ് 46 കിലോ കഞ്ചാവ് സൂക്ഷിച്ചിരുന്നത്. ഇതിന് 27 ലക്ഷത്തോളം രൂപ വിലവരുമെന്നാണ് കരുതുന്നത്.
ആര്‍.പി.എഫ്. എസ്.ഐ. കെ.എം.സുനില്‍കുമാര്‍, എക്‌സൈസ് സി.ഐ. കെ.അജയന്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.


