സംസ്ഥാന സർക്കാരിന്റെ ഇ-മൊബിലിറ്റി പദ്ധതിയുടെ ഭാഗമായി അനെർട്ട് 14 ടാറ്റ നെക്സോൺ ഇവി മാക്സ് കാറുകൾ ഇന്ന് (ജൂൺ 14) പൊതുവിദ്യാഭ്യാസ വകുപ്പിന് കൈമാറും. ഉച്ചയ്ക്ക് 12ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയാണ് കാറുകൾ കൈമാറുന്നത്. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഇ-കാറുകളുടെ ഫ്ലാഗ് ഓഫ് നിർവഹിക്കും.
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കേരളത്തിലെ 14 ജില്ലകളിലെ ഓഫീസ് ആവശ്യത്തിനായാണ് 5 വർഷത്തെ ലീസ് വ്യവസ്ഥയിൽ ഇലക്ട്രിക് കാറുകൾ നൽകുന്നത്. കഴിഞ്ഞ കാലങ്ങളിൽ നൽകിയിരുന്ന ടാറ്റ നെക്സൺ ഇ-കാറുകൾക്ക് ഒറ്റ ചാർജിൽ 200 കിലോമീറ്ററാണ് പരമാവധി ലഭിക്കുക. എന്നാൽ 40.5 കി.വാട്ട് ബാറ്ററി കപ്പാസിറ്റി ഉള്ളതിനാൽ ടാറ്റ നെക്സൺ ഇവി മാക്സ് ഇ-കാറുകൾക്ക് ഒറ്റ ചാർജിന് കുറഞ്ഞത് 300ൽ കൂടുതൽ കിലോമീറ്റർ ലഭിക്കും.
നിലവിൽ പൊതുവിദ്യാഭ്യാസ വകുപ്പിന് നൽകുന്ന ടാറ്റ നെക്സൺ ഇവി മാക്സ് കാറുകൾക്ക് സൺറൂഫ്, ഫ്രണ്ട് സീറ്റ് കൂളിംഗ്, വയർലെസ് മൊബൈൽ ചാർജിംഗ് എന്നീ ആധുനിക സംവിധാനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. അഞ്ച് വർഷത്തെ ലീസ് വ്യവസ്ഥയിൽ നൽകുന്ന ഇലക്ട്രിക് കാറുകളുടെ ലീസ് കാലാവധിയിലുള്ള മുഴുവൻ അറ്റകുറ്റപ്പണികളും, ഓരോ വർഷത്തെയും ഇൻഷുറൻസ് പുതുക്കലും അനെർട്ടിന്റെ നേതൃത്വത്തിൽ ചെയ്തു നൽകുന്നതാണ്. ഈ ഇലക്ട്രിക് കാറുകൾ ഉപയോഗിക്കുന്നതിനായി പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഡ്രൈവർമാർക്ക് അനെർട്ടിന്റെ നേതൃത്വത്തിൽ പരിശീലനം നൽകിക്കഴിഞ്ഞു.
നിലവിൽ വകുപ്പ് മേധാവികൾക്ക് ഉപയോഗിക്കാവുന്ന തരത്തിലുള്ള എംജി സെഡ്എസ് ഇവി കാറുകളും അനെർട്ടിൽ നിന്ന് ലീസ് വ്യവസ്ഥയിൽ നൽകുന്നതിന് തയ്യാറായിട്ടുണ്ട്. അഞ്ച് വർഷത്തെ ലീസ് വ്യവസ്ഥയിൽ നൽകുന്ന കാറുകൾക്ക് ഒരു വർഷത്തെ ലീസ് തുക മുൻകൂറായി നൽകിയാൽ ഇലക്ട്രിക് കാറുകൾ ലഭ്യമാകും.