കൽപ്പറ്റ : വയനാട് നെയ്ക്കുപ്പയിൽ നിർത്തിയിട്ട കാറും ബൈക്കും കാട്ടാന തകർത്തു. വെള്ളി രാത്രിയായിരുന്നു സംഭവം. പൊലീസ് ഉദ്യോഗസ്ഥനായ നെയ്ക്കുപ്പ മുണ്ടക്കൽ അജേഷിന്റെ വാഹനങ്ങളാണ് കാട്ടാന തകർത്തത്. അജേഷിന്റെ വീട്ടിലേക്ക് പോകുന്ന വഴിയിൽ നിർത്തിയിട്ടിരിക്കുകയായിരുന്നു വാഹനങ്ങൾ. കാറിന്റെ മുൻഭാഗം പൂർണമായി ആന ചവിട്ടി തകർത്തു. പിൻഭാഗത്ത്  കൊമ്പ് കൊണ്ട് കുത്തിയ പാടുമുണ്ട്. ബൈക്കും നശിപ്പിച്ചു.  കാറ് മൂടിയിട്ടിരുന്ന ടാർപോളിൻ ഷീറ്റും ആന വലിച്ചു കീറി. 

ശനി രാവിലെ വാഹനം എടുക്കാൻ വന്നപ്പോഴാണ് തകർത്ത നിലയിൽ കാണുന്നത്. വീട്ടിലേക്ക് വാഹനങ്ങൾ എത്താത്തതിനാലാണ് പോകുന്ന വഴിയിൽ നിർത്തിയിട്ടത്. വനം വകുപ്പ് അധികൃതർ സ്ഥലത്ത് എത്തി പരിശോധന നടത്തി. വാഹനം പരിശോധിച്ച് നൽകുന്ന റിപ്പോർട്ട് പ്രകാരം നഷ്ടപരിഹാരം നൽകുമെന്ന് വനം വകുപ്പ് അധികൃതർ പറഞ്ഞു. പ്രദേശത്ത് നിർത്തിയിടുന്ന വാഹനങ്ങൾ ആനകൾ തകർക്കുന്നത് പതിവായിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. മുമ്പ് ഓട്ടോയും ബൈക്കും കാറും ആന നശിപ്പിച്ചിരുന്നു.