
ഉപയോക്താക്കൾക്കായി വീണ്ടും പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് വാട്‌സാപ്. മെറ്റ ഉടമസ്ഥതയിലുള്ള ആപ്പിന്റെ സ്റ്റാറ്റസ് ഫീച്ചറിലാണ് അപ്‌ഡേഷൻ വന്നിട്ടുള്ളത്. 30 സെക്കൻഡ് ദൈർഘ്യമുണ്ടായിരുന്ന സ്റ്റാറ്റസുകളിൽ ഇനിമുതൽ ഒരു മിനിറ്റുവരെ ദൈർഘ്യത്തിൽ ശബ്ദസന്ദേശങ്ങൾ അയക്കാം. ആൻഡ്രോയിഡിനൊപ്പം ഐഒഎസ് ഉപയോക്താക്കൾക്കും പുതിയ ഫീച്ചർ ലഭ്യമാകും.
നേരത്തെ ഡിലീറ്റ് ഫോർ മീ കൊടുത്ത സന്ദേശങ്ങൾ തിരിച്ചെടുക്കാൻ വാട്സാപ്പ് വഴിയൊരുക്കിയിരുന്നു. പുതിയ ഫീച്ചർ വ്യക്തിഗത ചാറ്റുകളിലും ഗ്രൂപ്പ് ചാറ്റുകളിലും ലഭ്യമാകും. ചാറ്റുകൾ ഡിലീറ്റ് ചെയ്ത് അഞ്ചു സെക്കൻഡിനുള്ളിലാണ് അൻഡു ഫീച്ചർ ലഭ്യമാവുക. തന്റെ ചാറ്റിൽനിന്ന് മാത്രം ഒഴിവാക്കാനുള്ള ഡിലീറ്റ് ഫോർ മീ, സ്വീകർത്താവിന് ലഭിച്ച സന്ദേശമടക്കം ഒഴിവാക്കാനുള്ള ഡിലീറ്റ് ഫോർ എവരിവൺ എന്നീ ഓപ്ഷനുകളാണ് നിലവിലുള്ളത്.
ഡിലീറ്റ് ഫോർ എവരിവൺ നൽകേണ്ടതിനുപകരം അബദ്ധത്തിൽ ഡിലീറ്റ് ഫോർ മീ നൽകിയാൽ പുതിയ ഫീച്ചർ ഉപയോഗപ്പെടുത്താം. പുതിയ ഫീച്ചർ പ്രവർത്തിക്കണമെങ്കിൽ സന്ദേശം അയക്കുന്നയാളും സ്വീകർത്താവും വാട്‌സാപിന്റെ പുതിയ പതിപ്പ് ഉപയോഗിക്കണം.



