
ജില്ലയില്‍ ട്രോളിംഗ് നിരോധനം തികച്ചുംസമാധാനപരമായും നിശ്ചിതമാനദണ്ഡങ്ങളോടെയും നടപ്പിലാക്കുമെന്ന് ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. മത്സ്യത്തൊഴിലാളി-ബോട്ടുടമ-പരമ്പരാഗത ഇതര സംഘടനാനേതാക്കളുടെ സാന്നിധ്യത്തില്‍ നടത്തിയ പ്രാഥമികതല യോഗത്തില്‍ ജൂണ്‍ 10 മുതല്‍ ജൂലൈ 31 വരെ 52 ദിവസം നീളുന്ന നിരോധനകാലയളവില്‍ പാലിക്കേണ്ട നിയന്ത്രണങ്ങള്‍ വിശദീകരിച്ചു.
കാലാവസ്ഥാ വ്യതിയാനത്തിന് അനുസൃതമായ ക്രമീകരണങ്ങള്‍ സജ്ജമാക്കും. മത്സ്യമേഖലയില്‍നിന്ന് ഉയര്‍ന്ന് വന്ന ആവശ്യങ്ങള്‍ അനുഭാവപൂര്‍വം പരിഗണിക്കും. ചട്ടപ്രകാരമുള്ള നിയന്ത്രണങ്ങള്‍ക്ക് വിധേയമായി സഹകരിക്കാന്‍ എല്ലാവരും തയ്യാറാകണം. മേഖലയിലുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹിരക്കുന്നതിന് പരമാവധി നടപടികള്‍ സ്വീകരിക്കും. നിരോധനം നിലവില്‍ വരുന്നദിവസം മുതലുള്ള നിയന്ത്രണങ്ങളില്‍ യോഗത്തില്‍ ഉന്നയിക്കപ്പെട്ട ന്യായമായ ആവശ്യങ്ങളും സര്‍ക്കാര്‍ അനുമതിയോടെ പരിഗണിക്കുമെന്നും വ്യക്തമാക്കി.
സബ് കലക്ടര്‍ മുകുന്ദ് ഠാക്കൂര്‍, എ. ഡി. എം സി. എസ്. അനില്‍, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ പ്രിന്‍സ്, മത്സ്യമേഖലയുമായും തുറമുഖവുമായും ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.




