
കേരള-ലക്ഷദ്വീപ് പ്രദേശങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 45 കിലോമീറ്റര്‍വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശംകാലാവസ്ഥക്കും സാധ്യതയെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പ് നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാവരും ജാഗ്രതപുലര്‍ത്തണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍മാനായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. ഈ പശ്ചാത്തലത്തില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ല. അപകടസാധ്യത കണക്കിലെടുത്ത് പ്രത്യേക ജാഗ്രതയാണ് വേണ്ടത്.
കാറ്റും മഴയും ഉണ്ടാകുമ്പോള്‍ മരങ്ങളുടെചുവട്ടില്‍ നില്‍ക്കരുത്; വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യരുത്. വീട്ടുവളപ്പിലെ മരങ്ങളുടെ അപകടകരമായ രീതിയിലുള്ള ചില്ലകളും വെട്ടിയൊതുക്കണം. പൊതുഇടങ്ങളിലെ അപകടാവസ്ഥയിലുള്ള മരങ്ങളുടെ വിവരം തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കണം. പരസ്യ ബോര്‍ഡുകള്‍, ഇലക്ട്രിക് പോസ്റ്റുകള്‍, കൊടിമരങ്ങള്‍ തുടങ്ങിയവ ശരിയായ രീതിയില്‍ ബലപ്പെടുത്തുകയോ അഴിച്ചു വയ്ക്കുകയോ ചെയ്യണം. കാറ്റ്‌വീശിതുടങ്ങുമ്പോള്‍ വീടുകളിലെ ജനലുകളും വാതിലുകളും അടച്ചിടണം; സമീപത്തോ വീടിന്റെ ടെറസിലോ നില്‍ക്കരുത്. ഓല മേഞ്ഞതോ, ഷീറ്റ് പാകിയതോ, അടച്ചുറപ്പില്ലാത്തതോ ആയ വീടുകളില്‍ താമസിക്കുന്നവര്‍ അധികൃതരെ 1077 നമ്പറില്‍ മുന്‍കൂട്ടി അറിയിക്കണം.
മുന്നറിയിപ്പ് വരുന്നഘട്ടങ്ങളില്‍ സുരക്ഷിതമായ കെട്ടിടങ്ങളിലേയ്ക്ക് മാറിത്താമസിക്കണം. ആവശ്യമായവരെ റിലീഫ് ക്യാമ്പുകളിലേക്ക് മാറ്റുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും റവന്യൂ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും മുന്‍കൈ എടുക്കണം.
വൈദ്യുതി കമ്പികളും പോസ്റ്റുകളും പൊട്ടിവീണുള്ള അപകടം ശ്രദ്ധയില്‍പെട്ടാല്‍ 1912 നമ്പരിലോ 1077 നമ്പരിലോ അറിയിക്കാം. ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ കണ്‍ട്രോള്‍ റൂമിലും വിവരം നല്‍കാം.
പത്രം-പാല്‍ വിതരണക്കാര്‍ തുടങ്ങി അതിരാവിലെ ജോലിക്ക്ഇറങ്ങുന്നവര്‍ വഴികളിലെ വെള്ളക്കെട്ടുകളിലും മറ്റും വൈദ്യുതിലൈന്‍ പൊട്ടിവീണിട്ടുണ്ടെങ്കില്‍ ശ്രദ്ധിക്കണം. കൃഷിയിടങ്ങളിലെ വൈദ്യുത ലൈനുകളുടെ സുരക്ഷിതത്വവും ഉറപ്പാക്കണം. നിര്‍മാണജോലികളില്‍ ഏര്‍പ്പെടുന്നവര്‍ കാറ്റും മഴയും ശക്തമാകുമ്പോള്‍ സുരക്ഷിതമായ ഇടത്തേക്ക് മാറി നില്‍ക്കണമെന്നും വ്യക്തമാക്കി



