
സാങ്കേതിക മേഖലയിൽ മികച്ച ഉപരിപഠന, തൊഴിൽ, ഗവേഷണ സാധ്യതകൾ ഉറപ്പുവരുത്തുന്ന കേരള യൂണിവേഴ്സിറ്റി ഓഫ് ഡിജിറ്റൽ സയൻസസ്, ഇന്നൊവേഷൻ ആൻഡ് ടെക്നോളജി (ഡിജിറ്റൽ യൂണിവേഴ്‌സിറ്റി കേരള) യിലെ വിവിധ ബിരുദാനന്തര, പിഎച്ച്ഡി പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷ ഓൺലൈനിൽ ലഭിക്കേണ്ട അവസാന തീയതി: മെയ് 31.
സ്‌കോർ അപ്‌ഡേറ്റ് ചെയ്യണം
സിയുഇടി പിജി 2024 പരീക്ഷ എഴുതിയവർ സർവകലാശാലാ വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുകയും അവരുടെ സിയുഇടി സ്കോറുകൾ അപ്ഡേറ്റ് ചെയ്യുകയും വേണം. എംബിഎ അപേക്ഷകർക്ക് CAT, KMAT, CMAT, NMAT, അല്ലെങ്കിൽ GRE എന്നിവയിൽനിന്നുള്ള സ്കോറുകൾ സമർപ്പിക്കാം. എംടെക് അപേക്ഷകൾക്ക് GATE സ്കോർ പരിഗണിക്കും. മുകളിൽ സൂചിപ്പിച്ച പരീക്ഷകളിൽ യോഗ്യത നേടാത്തവർ ഡിജിറ്റൽ യൂണിവേഴ്സിറ്റി അഡ്മിഷൻ ടെസ്റ്റ് (DUAT-2024) എഴുതണം. പിഎച്ച്ഡി അപേക്ഷകർ സാധുവായ NET സ്കോർ ഇല്ലെങ്കിൽ, ഡിജിറ്റൽ യൂണിവേഴ്സിറ്റി റിസർച്ച് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (DRAT-2024) എഴുതണം.
എംഎസ്‌സി, എംടെക്
പിജി പ്രോഗ്രാമുകളിൽ എംഎസ്‌സി, എംടെക്, എംബിഎ പ്രോഗ്രാമുകളുണ്ട്. കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്ങിൽ എംടെക് പ്രോഗ്രാം, കണക്റ്റഡ് സിസ്റ്റംസ് ആൻഡ് ഇന്റലിജൻസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി എൻജിനിയറിങ് എന്നിവയിൽ സ്പെഷ്യലൈസേഷനുകൾ ചെയ്യാനുള്ള അവസരവും ലഭിക്കും. കംപ്യൂട്ടർ സയൻസ്, പ്രോഗ്രാം ഡാറ്റ അനലിറ്റിക്‌സ്, മെഷീൻ ഇന്റലിജൻസ്, സൈബർ സെക്യൂരിറ്റി എന്നീ സ്പെഷ്യലൈസേഷനുകളിലാണ് എംഎസ്‌സി പ്രോഗ്രാമുകൾ. ഡാറ്റ അനലിറ്റിക്‌സ്, ബയോ-എഐ, ഡാറ്റ അനലിറ്റിക്‌സ്, ജിയോ-ഇൻഫോർമാറ്റിക്‌സ്, ഡാറ്റ അനലിറ്റിക്‌സ്, കംപ്യൂട്ടേഷണൽ സയൻസ് എന്നീ അപ്ലൈഡ് പ്രോഗ്രാമുകൾക്കും ഇപ്പോൾ അപേക്ഷിക്കാം. എംഎസ്‌സി ഇൻഫോർമാറ്റിക്സ് കോഴ്‌സുകളുമുണ്ട്.
എംടെക് ഇലക്ട്രോണിക്സ് എൻജിനിയറിങ്, എംഎസ്‌സി ഇലക്ട്രോണിക്സ് പ്രോഗ്രാമുകളിൽ എഐ ഹാർഡ്‌വെയർ, വിഎൽഎസ്‌ഐ, സെൻസേഴ്സ്, അപ്ലൈഡ് മെറ്റീരിയൽസ്, ഐഒടി ആൻഡ് റോബോട്ടിക്‌സ്, ബയോമെഡിക്കൽ ഇലക്ട്രോണിക്‌സ്, അൺകൺവൻഷണൽ കംപ്യൂട്ടിങ്, സിഗ്നൽ പ്രോസസിങ് ഹാർഡ്‌വെയർ എന്നീ സ്പെഷ്യലൈസേഷനുകളുണ്ട്. കൂടാതെ, എംഎസ്‌സി അപ്ലൈഡ് ഫിസിക്സ് പ്രോഗ്രാമിൽ വിഎൽഎസ്ഐ, അപ്ലൈഡ് മെറ്റീരിയൽസ്, സെമികണ്ടക്റ്റർ ഫിസിക്സ് എന്നിവയിൽ സ്പെഷ്യലൈസേഷനുകളും ലഭ്യമാണ്.
എംബിഎ
എംബിഎ പ്രോഗ്രാമിൽ ബിസിനസ് അനലിറ്റിക്‌സ്, ഡിജിറ്റൽ ഗവേണൻസ്, ഡിജിറ്റൽ ട്രാൻസ്‌ഫോർമേഷൻ, ഫിനാൻസ്, ഹ്യൂമൻ റിസോഴ്‌സ്, ഇൻഫർമേഷൻ സെക്യൂരിറ്റി മാനേജ്‌മെന്റ്, മാർക്കറ്റിങ്, ഓപ്പറേഷൻസ്, സിസ്റ്റംസ് ആൻഡ് ടെക്‌നോളജി മാനേജ്‌മെന്റ് സ്പെഷ്യലൈസേഷനുകളുണ്ട്. വിവരങ്ങൾക്ക്: https://duk.ac.in/admission/, ഫോൺ: 8078193800



