ഒഡീഷയിൽ നിന്നു ചികിത്സ തേടി കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് കൊണ്ടുവരുന്നതിനിടെ മരിച്ച ശകുന്തള ബെഹ്റയ്ക്ക് (62) പയ്യാമ്പലത്ത് അന്ത്യവിശ്രമം. ജില്ലാ ആശുപത്രി മോർച്ചറിയിൽ നിന്ന് മൃതദേഹം ഏറ്റുവാങ്ങിയ
കുടുംബാംഗങ്ങൾ വൈകിട്ട് മൂന്നരയോടെ പയ്യാമ്പലം ശ്മശാനത്തിലെത്തിച്ച് സംസ്കരിച്ചു. ശകുന്തള ബെഹ്റയുമായി ബുധനാഴ്ച രാത്രി പത്തരയ്ക്ക് ഒഡീഷയിൽ നിന്നു യാത്ര പുറപ്പെട്ട ആംബുലൻസ് വഴി തെറ്റി ഏറെദൂരം സഞ്ചരിച്ച ശേഷം ശനിയാഴ്ച രാവിലെ പത്തരയോടെയാണ് കണ്ണൂർ ജില്ലാ ആശുപത്രിയിൽ എത്തിയത്.

ആശുപത്രിയിൽ എത്തുന്നതിനു മുൻപ് മരണം സംഭവിച്ചതിനാൽ ഇവിടെ നിന്ന് സിറ്റി പൊലീസിൽ വിവരം അറിയിച്ചിരുന്നു.തുടർന്ന് സിറ്റി പൊലീസ് എത്തി, ഒഡീഷ പൊലീസുമായി ബന്ധപ്പെട്ടാണ് മൃതദേഹം വിട്ടുനൽകാനുള്ള നടപടികൾ പൂർത്തിയാക്കി.ഒഡീഷ കേന്ദ്രപാറ ജില്ലാ ആസ്ഥാനത്തെ ആശുപത്രിയിൽ കാണിച്ചെങ്കിലും രോഗം മാറാത്ത സാഹചര്യത്തിലാണ് ശകുന്തളയെ കണ്ണൂരിലേക്ക് കൊണ്ടുവരാൻ മക്കൾ തീരുമാനിച്ചത്.

പൊയ്ത്തുംകടവിൽ താമസിച്ച് ജോലി ചെയ്യുകയാണ് ശകുന്തളയുടെ രണ്ടു പെൺമക്കളായ പൊമിലയും ജ്യോത്സ്ന റാണിയും അവരുടെ ഭർത്താക്കന്മാരും. ഇവർക്ക് രോഗം വരുമ്പോൾ ആശ്രയിക്കാറുള്ളത് കണ്ണൂർ ജില്ലാ ആശുപത്രിയെയാണ്.

ജ്യോത്സ്ന റാണി നാലാമത്തെ മകൾ ദിവ്യശ്രീക്ക് ജന്മം നൽകിയതും ഇവിടെയായിരുന്നു. ഒഡീഷയിൽ നിന്നു ശകുന്തളയെ കൊണ്ടുവന്ന അതേ ആംബുലൻസിലാണ് മൃതദേഹം പയ്യാമ്പലത്ത് എത്തിച്ചത്. ആംബുലൻസിന് വാടകയായി 40,000 രൂപ നൽകി. പതിനായിരം രൂപ കൂടി പിന്നീട് നൽകണമെന്ന് ആംബുലൻസ് ഡ്രൈവർ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ഇവർക്കൊപ്പം ഉണ്ടായിരുന്നവർ പറഞ്ഞു. ആംബുലൻസ് വൈകിട്ട് നാലോടെ ഒഡീഷയിലേക്ക് തിരിച്ചുപോയി.