*മുഖ്യമന്ത്രിയുടെ ജപ്പാന്‍ സന്ദര്‍ശനവേളയിലെ 200 കോടി നിക്ഷേപ വാഗ്ദാനം യാഥാര്‍ത്ഥ്യമാകുന്നു

കൊച്ചി: നിറ്റ ജലാറ്റിന്‍ ഇന്ത്യ ലിമിറ്റഡ് കേരളത്തില്‍ 200 കോടിയുടെ നിക്ഷേപം നടത്തുന്നതിന്റെ ആദ്യഘട്ട പദ്ധതിക്ക് തുടക്കം കുറിച്ചു. ആഗോളതലത്തില്‍ ഏറെ ആവശ്യകതയുള്ള കൊളാജന്‍ പെപ്‌റ്റൈഡിന്റെ നിര്‍മാണം വര്‍ദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി കാക്കനാട് കിന്‍ഫ്ര എക്‌സ്‌പോര്‍ട്ട് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കില്‍ 60 കോടിയോളം രൂപയുടെ ഫാക്ടറി നിര്‍മ്മാണ പ്രവര്‍ത്തനത്തിനാണ് ചൊവ്വാഴ്ച്ച തുടക്കം കുറിച്ചത്.


നിറ്റ ജെലാറ്റിന്‍ ഇന്‍ കോര്‍പറേറ്റഡ് ജപ്പാന്റെയും കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെയും (കെഎസ്ഐഡിസി) സംയുക്ത സംരംഭമാണ് കാക്കനാട് പ്രവര്‍ത്തിക്കുന്ന എന്‍ജിഐഎല്‍. മുഖ്യമന്ത്രിയുടെ ജപ്പാന്‍ സന്ദര്‍ശന വേളയില്‍ ജാപ്പനീസ് ബഹുരാഷ്ട്ര കമ്പനിയായ നിറ്റ ജലാറ്റിന്‍ കമ്പനി അധികൃതര്‍ 200 കോടി രൂപയുടെ നിക്ഷേപം കേരളത്തില്‍ നടത്തുമെന്ന് ഉറപ്പു നല്‍കിയിരുന്നു. ഈ വാഗ്ദാനമാണ് ഇപ്പോള്‍ കമ്പനി യാഥാര്‍ത്ഥ്യമാക്കുന്നത്. ചര്‍മ്മം, സന്ധി, ഹെയര്‍ എന്നിവയുടെ ആരോഗ്യത്തിന് ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന സപ്ലിമെന്റാണ് കൊളാജന്‍ പെപ്‌റ്റൈഡ്.

പുതിയ പ്രോജക്ട് യാഥാര്‍ത്ഥ്യമാകുന്നതോടെ കേരളത്തില്‍ തൊഴില്‍ അവസരം വര്‍ദ്ധിക്കും. നിലവില്‍ കമ്പനി പ്രതിവര്‍ഷം ഉദ്പാദിപ്പിക്കുന്നത് 550 മെട്രിക് ടണ്‍ കൊളാജന്‍ പെപ്‌റ്റൈഡ് ആണ്. പുതിയ ഫാക്ടറി വരുന്നതോടെ ഉദ്പാദനം 1150 മെട്രിക് ടണ്ണായി ഉയരും. വരുന്ന മൂന്ന് മാസത്തിനുള്ളില്‍ അനുമതി ലഭിക്കുന്ന മുറയ്ക്ക് മറ്റു പ്രൊജക്ടുകള്‍ കൂടി കേരളത്തില്‍ ആരംഭിക്കുമെന്ന് എന്‍ജിഐഎല്‍ മാനേജിംഗ് ഡയറക്ടര്‍ സജീവ് കെ മേനോന്‍ പറഞ്ഞു. അടുത്ത വര്‍ഷം പകുതിയോടെ പദ്ധതി കമ്മീഷന്‍ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. കൊളാജന്‍ പെപ്റ്റൈഡിന്റെ ആവശ്യം ലോകമെമ്പാടും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കുന്ന മറ്റൊരു ഉത്പന്നം ഉടന്‍ പുറത്തിറക്കുമെന്ന് പ്രതീക്ഷിക്കുന്നതായും വിപുലീകരിച്ച ഫാക്ടറിക്ക് ഈ ആവശ്യകത വിജയകരമായി നിറവേറ്റാന്‍ സാധിക്കുമെന്നും സജീവ് കെ മേനോന്‍ പറഞ്ഞു.

കേരളത്തിലെ സര്‍ക്കാരുകളുടെ വ്യവസായ സൗഹൃദ നയങ്ങള്‍ കമ്പനിക്ക് സംസ്ഥാനത്ത് കൂടുതല്‍ നിക്ഷേപം നടത്താനുള്ള ആത്മവിശ്വാസം നല്‍കിയതായി നിറ്റ ജെലാറ്റിന്‍ പ്രസിഡന്റും എന്‍ജിഐഎല്‍ ഡയറക്ടറുമായ കൊയിച്ചി ഒഗാറ്റ പറഞ്ഞു.കേരളത്തിലെ വിദഗ്ധ തൊഴിലാളികളുടെ ലഭ്യത ഇവിടെയുള്ള ഞങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ വിജയത്തിന് നിര്‍ണായക ഘടകമാണ്. ഞങ്ങളുടെ ജീവനക്കാരുടെ സൗഹൃദ നയങ്ങള്‍ കേരളത്തിലെ ഞങ്ങളുടെ യൂണിറ്റുകളില്‍ അനുകൂലമായ വ്യാവസായിക ബന്ധ അന്തരീക്ഷം ഉറപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

നിക്ഷേപത്തെ സ്വാഗതം ചെയ്ത മുഖ്യമന്ത്രി, ജപ്പാന്‍ സന്ദര്‍ശിച്ച വേളയില്‍ തന്നോട് കാണിച്ച പ്രതിബദ്ധത കമ്പനി മാനിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ചു. സംസ്ഥാനവും ആഗോള നിക്ഷേപകരും തമ്മിലുള്ള വിജയകരമായ പങ്കാളിത്തത്തിന്റെ ഉദാഹരണമാണ് കമ്പനിയെന്നും കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുന്നതിന് എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

ലോകത്തിലെ ഏറ്റവും വലിയ ജലാറ്റിന്‍ നിര്‍മ്മാതാക്കളില്‍ ഒന്നാണ് നിറ്റ ജെലാറ്റിന്‍ ഗ്രൂപ്പ്, ഭക്ഷണ, ഫാര്‍മ വ്യവസായങ്ങളില്‍ സേവനം നല്‍കുന്നു. 103 വര്‍ഷം മുന്‍പ് ജപ്പാനിലെ ഒസാക്കയില്‍ സ്ഥാപിതമായ നിറ്റ ജലാറ്റിന്റെ കേരളത്തിലെ പ്രവര്‍ത്തനങ്ങള്‍ 2025-ല്‍ 50 വര്‍ഷം തികയ്ക്കും.ജെലാറ്റിന്‍ വ്യവസായം ഉപയോഗിക്കുന്ന ഫാര്‍മ, ഫുഡ് ഗ്രേഡ് ജെലാറ്റിന്‍, ഒസ്സൈന്‍, ലിമഡ് ഒസ്സൈന്‍ എന്നിവയുടെ ഇന്ത്യയിലെ മുന്‍നിര നിര്‍മ്മാതാക്കളാണ് എന്‍ജിഐഎല്‍. എന്‍ജിഐഎല്ലിന്റെ ഏകദേശം 50% ഉല്‍പ്പന്നങ്ങളും യുഎസ്എ, കാനഡ, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവയുള്‍പ്പെടെ ലോകമെമ്പാടുമുള്ള 30-ലധികം രാജ്യങ്ങളിലേക്കും യൂറോപ്യന്‍ രാജ്യങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നുണ്ട്.

ചടങ്ങില്‍ നിറ്റ ജലാറ്റിന്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ സജീവ് മേനോന്‍, നിറ്റ ജലാറ്റിന്‍ ഡിവിഷന്‍ മേധാവി ജി. പ്രവീണ്‍, ഡയറക്ടര്‍ ബോര്‍ഡ് മെമ്പര്‍ ഷെര്‍ലി തോമസ്, തൃക്കാക്കര മുനിസിപ്പല്‍ ചെയര്‍പേഴ്‌സണന്‍ രാധാമണി പിള്ള, തൃക്കാക്കര അസി.പോലീസ് കമ്മീഷണര്‍ സന്തോഷ് സി.ആര്‍, സിഐറ്റിയു സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എന്‍ ഗോപിനാഥ്, ടെക്‌നിക്കല്‍ ഡയറക്ടര്‍ ഡോ. ഷിനിയ തകഹാഷി, ഓപ്പറേഷന്‍ വിഭാഗം സീനിയര്‍ ജനറല്‍ മാനേജര്‍ പ്രദീപ് കുമാര്‍ കെ തുടങ്ങിയവര്‍ പങ്കെടുത്തു.