
മലപ്പുറം: കോടികളുടെ ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയ സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍. അബ്ദുൾ റോഷൻ എന്നയാളാണ് പിടിയിലായത്. കർണാടകയിലെ മടിക്കേരിയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 40,000 സിം കാര്‍ഡുകള്‍, 150 മൊബൈല്‍ ഫോണുകള്‍, ബയോ മെട്രിക് സ്‌കാനറുകള്‍ എന്നിവ കണ്ടെത്തി.
ലക്ഷക്കണക്കിന് രൂപയാണ് അബ്ദുൾ റോഷൻ തട്ടിയെടുത്തതെന്നാണ് വിവരം. സംഘത്തിലെ മറ്റു പ്രതികളെ കുറിച്ച് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. നിക്ഷേപ തട്ടിപ്പ് നടത്തുന്ന സംഘത്തിന് സിം കാര്‍ഡ് നൽകുകയാണ് പ്രതി ചെയ്തതെന്ന് പൊലീസ് പറയുന്നു. മടിക്കേരി പൊലീസും ഇയാൾക്കെതിരെ തട്ടിപ്പ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പൊലീസ് പിടിച്ചെടുത്തതിൽ നിലവിൽ ആക്‌റ്റീവായ 1500 സിം കാർഡുകളുണ്ട്. ഇതിന് പുറമെ ആക്ടീവാക്കാനുള്ള 2000 സിം കാർഡുകളും കണ്ടെത്തിയിട്ടുണ്ട്. ഒരു സിമ്മിന് 50 രൂപ വീതം വാങ്ങിയാണ് റോഷൻ സിം കാര്‍ഡ് നിക്ഷേപ തട്ടിപ്പ് സംഘത്തിന് നൽകിയതെന്നാണ് വിവരം. ഈ സിം കാര്‍ഡുകൾ ഇട്ടാൽ ഐഎംഇ നമ്പർ മാറ്റാൻ കഴിയുന്ന ചൈനീസ് ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്.



