
കുടുംബശ്രീ ജില്ലാമിഷൻ നടത്തുന്ന ജില്ലാതല മത്സരം “അരങ്ങ് 2024” ൽ 45 പോയിന്റ് നേടി കടയ്ക്കൽ പഞ്ചായത്ത് സി ഡി എസ് രണ്ടാം സ്ഥാനം കരസ്ഥമാക്കി.സ്കിറ്റിൽ ഒന്നാം സ്ഥാനവും, ഒപ്പനയിൽ രണ്ടാം സ്ഥാനവും കടയ്ക്കൽ സി ഡി എസ് നേടി.

കടയ്ക്കൽ പഞ്ചായത്തിലെ ഹരിത കർമ്മ സേനാഗംങ്ങൾ ,വിവിധ വാർഡുകളിലെ കുടുംബശ്രീ ഗ്രൂപ്പ് അംഗങ്ങൾ എന്നിവർ വിവിധ മത്സരങ്ങളിൽ വിജയികളായി.
.കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തിൽ അയൽക്കൂട്ടം ഓക്സിലറി സർഗോത്സവമായ ‘അരങ്ങ്-2024’ വ്യാഴാഴ്ച നടന്നു . ആശ്രാമം ശ്രീനാരായണ സാംസ്കാരികകേന്ദ്രത്തിലായിരുന്നു പരിപാടി. 33 സ്റ്റേജിന മത്സരങ്ങളും 13 സ്റ്റേജിതര മത്സരങ്ങളും നാലു വേദികളിലായി അരങ്ങേറി.

350 കുടുംബശ്രീ ഓക്സിലറി കൂട്ടായ്മ അംഗങ്ങളാണ് ജില്ലയിലെ വിവിധ സി.ഡി.എസുകളിൽനിന്നു മാറ്റുരയ്ക്കാനെത്തിയത് രാവിലെ ഒൻപതിന് നടന്ന ഉദ്ഘാടന ചടങ്ങ് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഡോ. പി.കെ.ഗോപൻ ‘ഉദ്ഘാടനം ചെയ്തു.വൈകീട്ട് നടന്ന സമാപനസമ്മേളനവും സമ്മാനദാനവും എം.നൗഷാദ് എം.എൽ.എ. നിർവഹിച്ചു.

കൊട്ടാരക്കര ബ്ലോക്ക് ക്ലസ്റ്റർ തലത്തിൽ കടയ്ക്കൽ ഒന്നാം സ്ഥാനത്ത് എത്തിയിരുന്നു. ക്‌ളസ്റ്റർ തലത്തിൽ മത്സരിച്ചു വിജയിച്ചവരാണ് ജില്ലാതലത്തിൽ മത്സരിച്ചത്.എ.ഡി.എസ്സ്. (വാർഡ്) തലത്തിലും തുടർന്ന് സി.ഡി.എസ്. (പഞ്ചായത്ത്) തലത്തിലും വിജയിച്ചവരാണ് ക്ലസ്റ്റർ തലത്തിൽ മാറ്റുരച്ചത്.

ജൂൺ 7,8,9 തീയതികളിൽ കാസർകോട് ജില്ലയിലെ പിലിക്കോട് നടക്കുന്ന സംസ്ഥാനതല ‘അരങ്ങ്’ 2024 കലോത്സവത്തിൽ ജില്ലയിലെ വിജയികൾ പങ്കെടുക്കും. 56 മത്സരയിനങ്ങൾ ആണ് അരങ്ങിൽ നടത്തുന്നത്.

അയൽക്കൂട്ട അംഗങ്ങൾ, യുവതികൾക്കായുള്ള പുതിയ കൂട്ടായ്മ ‘ഓക്സിലറി ഗ്രൂപ്പ്’ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടത്തുന്നത്.


