കൊച്ചുവേളിയിൽനിന്ന്‌ കൊല്ലം–- പുനലൂർ–- ചെങ്കോട്ട പാതയിലൂടെ ചെന്നൈയിലേക്ക്‌ എസി സ്പെഷ്യൽ ട്രെയിൻ സർവീസ്‌. അരനൂറ്റാണ്ടിനുശേഷമാണ്‌  തിരുവനന്തപുരം ഭാഗത്തുനിന്ന്‌ ഇതുവഴി സർവീസിന്‌ റെയിൽവേ തയ്യാറായത്. പാത ബ്രോഡ്ഗേജായശേഷം ആദ്യമായാണ്‌ പശ്ചിമഘട്ട മലനിരകളുടെ മനോഹാരിത ആസ്വദിക്കാവുന്നവിധം ദക്ഷിണ റെയിൽവേ സർവീസ്‌ തുടങ്ങുന്നത്‌. മീറ്റർഗേജ് ആയിരുന്നപ്പോൾ ചെങ്കോട്ട വഴി തിരുവനന്തപുരം– ചെന്നൈ സർവീസുണ്ടായിരുന്നു.

 

താംബരം– കൊച്ചുവേളി എസി സ്പെഷ്യൽ (06035) വ്യാഴം, ശനി ദിവസങ്ങളിൽ രാത്രി 9.40നു പുറപ്പെട്ട് പിറ്റേദിവസം പകൽ 1.40ന് കൊച്ചുവേളിയിലെത്തും. മടക്ക ട്രെയിൻ (06036) വെള്ളി, ഞായർ ദിവസങ്ങളിൽ പകൽ 3.35ന്‌ കൊച്ചുവേളിയിൽനിന്നു പുറപ്പെട്ട്‌ അടുത്ത ദിവസം രാവിലെ 7.35ന് താംബരത്ത് എത്തും. ചെങ്കൽപേട്ട, മേൽമറുവത്തൂർ, വിഴുപുരം, വിരുദാചലം, തിരുച്ചിറപ്പള്ളി,  ഡിണ്ടിഗൽ, മധുര, വിരുദനഗർ, ശിവകാശി, ശ്രീവില്ലിപുത്തൂർ, രാജപാളയം, ശങ്കരൻകോവിൽ, പാമ്പാകോവിൽ ഷാൻഡി, കടയനല്ലൂർ, തെങ്കാശി, തെൻമല, പുനലൂർ, ആവണീശ്വരം, കൊട്ടാരക്കര, കുണ്ടറ, കൊല്ലം എന്നിവിടങ്ങളിലാണ്‌ സ്റ്റോപ്പുള്ളത്‌. വിഴുപുരത്ത് സ്റ്റോപ്പുള്ളതിനാൽ പോണ്ടിച്ചേരി ഭാഗത്തേക്കു പോകുന്നവർക്കും സർവീസ് സഹായമാണ്.  14 തേഡ് എസി ഇക്കോണമി കോച്ചുകളുണ്ടാകും. കൊച്ചുവേളി– ചെന്നൈ ടിക്കറ്റ് നിരക്ക് 1335 രൂപ. റിസർവേഷൻ ആരംഭിച്ചു. 

താംബരത്തുനിന്നുള്ള സർവീസ് 16 മുതലും കൊച്ചുവേളിയിൽനിന്നുള്ളത്‌ 17നും ആരംഭിക്കും. ഇരുദിശയിലും 14 ട്രിപ്പുണ്ടാകും. ജൂൺ വരെയാണ്‌ സ്പെഷൽ സർവീസ് എങ്കിലും യാത്രക്കാരുടെ  തിരക്കനുസരിച്ച്‌  ദീർഘിപ്പിക്കാനും സാധ്യതയുണ്ട്‌.

error: Content is protected !!