
തിരുവനന്തപുരം∙ സംസ്ഥാനത്ത് ഈ വർഷം മുതൽ കീം എന്‍ജിനീയറിംഗ്, ഫാർമസി പ്രവേശനപരീക്ഷകൾ ഓൺലൈനായി നടത്തും.
2024 ജൂൺ അഞ്ചു മുതൽ ഒൻപതു വരെ വിവിധ കേന്ദ്രങ്ങളിലായാണ് പരീക്ഷ. സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 130 സര്‍ക്കാര്‍/സ്വാശ്രയ/ സ്ഥാപനങ്ങളിലെ 198 പരീക്ഷാ കേന്ദ്രങ്ങളിലും, ഡല്‍ഹിയിലെ രണ്ട് പരീക്ഷാകേന്ദ്രങ്ങളിലുമായാണ് പരീക്ഷ നടക്കുക. 1,13,447 വിദ്യാര്‍ഥികൾ പരീക്ഷയെഴുതും.
സര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റ് ആണ് ഓൺലൈൻ പരീക്ഷയ്ക്കായുള്ള സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചത്.സംസ്ഥാനത്ത് ആദ്യമായാണ് ഇത്ര വിപുലമായ രീതിയിൽ ഓൺലൈൻ പരീക്ഷ നടത്തുന്നത്. പരീക്ഷയ്ക്കായി തയ്യാറാക്കിയ സോഫ്റ്റ്‌വെയറും അനുബന്ധ ഉപകരണങ്ങളുടെ പ്രവർത്തനവും വിലയിരുത്താൻ മേയ് 24ന് മോക്ക് ടെസ്റ്റും 25ന് ട്രയല്‍ പരീക്ഷയും പൂർത്തിയാക്കി.
ഏതെങ്കിലും സാഹചര്യത്തില്‍ ഒരു പ്രത്യേക പരീക്ഷാ കേന്ദ്രത്തിലെയോ ഏതെങ്കിലും ദിവസത്തെയോ പരീക്ഷ മാറ്റിവയ്‌ക്കേണ്ടി വന്നാൽ ആ പരീക്ഷ ജൂൺ 10ന് നടത്തുന്ന രീതിയിൽ ക്രമീകരങ്ങൾ ഒരുക്കിയിട്ടുണ്ട്.
ഒരു ദിവസം പരമാവധി 18,993 പേർക്ക് പരീക്ഷ എഴുതാനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഒരു പരീക്ഷാ കേന്ദ്രത്തിൽ ഒരേ സമയം പരമാവധി 126 കുട്ടികൾക്ക് വരെ പരീക്ഷ എഴുതാം. സാങ്കേതിക കാരണത്താൽ ഏതെങ്കിലും കേന്ദ്രത്തിൽ പരീക്ഷ തുടങ്ങാൻ വൈകിയാൽ പരീക്ഷാ സമയം അതനുസരിച്ച് പുനക്രമീകരിക്കും. മഴയുടെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് എല്ലാ പരീക്ഷ കേന്ദ്രങ്ങളിലും യുപിഎസ് ബാക്ക്-അപ്പും ജനറേറ്ററും സജ്ജീകരിച്ചിട്ടുണ്ട്



