സംസ്ഥാനത്ത്‌ ചൂട്‌ കനത്തതോടെ കന്നുകാലികളുടെയും പക്ഷികളുടെയും മരണസംഖ്യ ഉയർന്നു. മാർച്ച്‌, ഏപ്രിൽ, മെയ്‌ മാസങ്ങളിലായി 497 കറവപ്പശുക്കൾ സൂര്യഘാതമേറ്റ്‌ ചത്തു. ഏറ്റവും കൂടുതൽ മരണം നടന്നത്‌ കൊല്ലം ജില്ലയിലാണ്‌. 105 പശുക്കൾ.  ഇതാദ്യമാണ്‌ ഇത്രയും പശുക്കൾ ചാവുന്നത്‌.  5 ലക്ഷത്തിലധികം  കർഷക ഭവനങ്ങളുടെ ലൊക്കേഷനുകൾ വകുപ്പ് മാപ്പ് ചെയ്തിട്ടുണ്ട്. 44 പഞ്ചായത്തുകളിൽ കുടിവെള്ളക്ഷാമമുണ്ട്‌. പ്രതിദിന പാൽ ഉൽപ്പാദനത്തിൽ ആറരലക്ഷത്തിന്റെ കുറവും സംസ്ഥാനത്ത്‌ റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്‌. താപനില നിശ്ചിത പരിധിക്ക് മുകളിൽ ഉയരുന്ന ഘട്ടങ്ങളിൽ എസ്എംഎസ് വഴിയുള്ള മുന്നറിയിപ്പ് കർഷകർക്ക് ലഭ്യമാക്കുന്നതിന് സംവിധാനവും മൃഗസംരക്ഷണ വകുപ്പ് ഒരുക്കി. 

തളർച്ച, ഭക്ഷണം കഴിക്കാതിരിക്കുക, പനി, വായിൽനിന്നും നുരയും പതയും വരിക, വായ തുറന്ന ശ്വസനം, പൊള്ളിയ പാടുകൾ എന്നിവയാണ്‌ സൂര്യാഘാതമേറ്റാലുള്ള ലക്ഷണങ്ങൾ. ലക്ഷണം ശ്രദ്ധയിൽപ്പെടാൻ വിദഗ്‌ധ ചികിത്സ നൽകണം. തണുത്തവെള്ളം തുണിയിൽ മുക്കി ശരീരം നന്നായി തുടക്കുക, കുടിക്കാൻ ധാരാളം വെള്ളം നൽകുക എന്നിവ പ്രാഥമികമായി ചെയ്യണം. 

വിവിധ ജില്ലകളിൽ വേനൽ കടുഹചര്യത്തിൽ  മന്ത്രി ജെ ചിഞ്ചുറാണി  വെള്ളിയാഴ്‌ച മൃഗസംരക്ഷരണ, ക്ഷീരവികസനവകുപ്പ്‌ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേർത്തു. ഉഷ്‌ണ തരംഗം റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുള്ളതും ജലദൗർലഭ്യം അനുഭവപ്പെടുന്നതുമായ ക്ഷീരകർഷക മേഖലകളിൽ ജലലഭ്യത ജില്ലാഓഫീസർമാർ  ഉറപ്പുവരുത്തണമെന്ന്‌ യോഗത്തിൽ നിർദേശിച്ചു. കന്നുകാലികളുടെ മരണം സംബന്ധിച്ച്‌ കണക്കുകൾ ശേഖരിക്കാനും ദുരന്ത നിവാരണഫണ്ടിൽനിന്നും നഷ്ടപരിഹാരം നൽകുന്നതിനും നടപടിയായി.

മൃഗാശുപത്രികളിൽ ചികിത്സയ്ക്ക് വരുന്ന മൃഗങ്ങൾക്കും ഉടമകൾക്കും ആവശ്യമായ കുടിവെള്ളം ലഭ്യമാക്കും. വാഹനങ്ങളിൽ കൊണ്ടുവരുന്ന മൃഗങ്ങളിലും കോഴികളിലും ഉഷ്ണസമ്മർദ്ദത്തിന്റെ ലക്ഷണങ്ങൾ നിരീക്ഷിക്കുന്നതിനും നിർദേശം നൽകി. ഇപ്പോഴത്തെ പ്രതിസന്ധികൾ നേരിടാൻ സംസ്ഥാനത്തെ എല്ലാ മൃഗാശുപത്രികളെയും സജ്ജമാക്കി കഴിഞ്ഞു. ഡ്രിപ് രൂപത്തിലുള്ള മരുന്നുകളും മറ്റു ജീവൻ രക്ഷാ മരുന്നുകളും ശേഖരിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെയും നിർദേശം അനുസരിച്ച് മൃഗസംരക്ഷണ മേഖലയ്ക്കുള്ള മാർഗ്ഗനിർദേശങ്ങൾ ഹീറ്റ് ആക്ഷൻ പ്ലാൻ എന്ന രൂപത്തിൽ തയ്യാറാക്കി കർഷകർക്കും പൊതുജനങ്ങൾക്കും നൽകിയതായും മന്ത്രി പറഞ്ഞു.

മറ്റ് നിർദേശങ്ങൾ

കടുത്ത വേനലിൽ പശുക്കൾക്ക്  സൂര്യാഘാതം ഏൽക്കാനുള്ള സാധ്യത ഏറെയാണ്. പകൽ 11 നും  മൂന്നിനുമിടയിൽ തുറസായ സ്ഥലങ്ങളിൽ ഉരുക്കളെ മേയാൻ വിടരുത്. ആ സമയത്ത് പശുക്കളെ പാടത്ത് കെട്ടിയിടാതിരിക്കാനും കർഷകർ പ്രത്യേകം ശ്രദ്ധിക്കണം.

ആസ്ബസ്റ്റോസ് ഷീറ്റോ തകര ഷീറ്റോ കൊണ്ട് മേഞ്ഞ കൂടാരങ്ങളിൽ നിന്ന് പുറത്തിറക്കി മരത്തണലിൽ കെട്ടാൻ ശ്രദ്ധിക്കണം. തൊഴുത്തിൽ മുഴുവൻ സമയവും ഫാനുകൾ പ്രവർത്തിപ്പിക്കുന്നത് നല്ലതാണ്.  തെങ്ങോല , ടാർപോളിൻ എന്നിവയിൽ ഏതെങ്കിലും ഉപയോഗിച്ച് മേൽക്കൂരയ്ക്ക് കീഴെ സീലിങ്‌ ഒരുക്കുന്നതും ചൂട് കുറയ്ക്കും.

സ്പ്രിംഗ്ലർ, ഷവർ എന്നിവ ഉപയോഗിച്ച് അരമണിക്കൂർ കൂടുമ്പോൾ പശുക്കളെ നനയ്ക്കുന്നത് ഉഷ്ണസമ്മർദ്ദം കുറയ്ക്കും. വാഹനത്തിൽ കയറ്റിയുള്ള ദീർഘദൂര യാത്രകൾ രാവിലെയും വൈകുന്നേരവുമായി ക്രമീകരിക്കണം.

നിർജലീകരണം തടയാനും പാൽ കറവ നഷ്ടം കുറയ്ക്കുവാനും തൊഴുത്തിൽ 24 മണിക്കൂറും തണുത്ത കുടിവെള്ളം ലഭ്യമാക്കണം. കുടിവെള്ളം ചൂടുപിടിക്കുന്നത് തടയാൻ വെള്ള ടാങ്കുകളും വിതരണ പൈപ്പുകളും നനച്ച ചണച്ചാക്ക് ഉപയോഗിച്ച് പൊതിയാം. വേനലിൽ കഴിക്കുന്ന കാലിത്തീറ്റയുടെ അളവ് കുറയുന്നതിനാൽ ഏറ്റവും നിലവാരം ഉള്ള തീറ്റ തന്നെ നൽകണം. ധാതു ലവണ മിശ്രിതങ്ങൾ തീറ്റയിൽ ചേർക്കണം

വളർത്തു കോഴികളിൽ ബ്രോയ്‌ലർ കോഴികളെയാണ് ചൂട് ഏറ്റവും കൂടുതൽ ബാധിക്കുക. ചൂട് കുറഞ്ഞ സമയങ്ങളിൽ രണ്ടുമൂന്ന് തവണ തറവിരി ഇളക്കിയിടണം. ചകിരിച്ചോറാണ് നല്ല തറവിരി. സ്പ്രിംഗ്ലർ ഉപയോഗിച്ച് മേൽക്കൂര തണുപ്പിക്കണം. മേൽക്കൂരയ്ക്ക് മുകളിൽ തെങ്ങോലയോ ചണച്ചാക്കോ വിരിക്കുന്നതും വള്ളിചെടികൾ പടർത്തുന്നതും ചൂട് കുറയാൻ സഹായിക്കും മേൽക്കൂര കഴിയുമെങ്കിൽ വെള്ളപൂശണം. ഐസിട്ട വെള്ളം കുടിക്കാൻ നല്കണം. എക്സോസ്റ്റ് ഫാനുകൾ കൂട്ടിൽ ഘടിപ്പിക്കണം.

വളർത്തു നായ്ക്കൾക്കും പൂച്ചകൾക്കും തണുത്ത കുടിവെള്ളം എപ്പോഴും നൽകണം. നായ്ക്കൂടുകൾക്കു മുകളിൽ തണൽ വലകൾ അല്പമുയരത്തിൽ വിരിക്കാം. ചൂടുകൂടിയ സമയങ്ങളിൽ തീറ്റ ഒഴിവാക്കണം. ഒരു ദിവസം നൽകുന്ന തീറ്റ പലതവണകളായി മാറ്റാം. ആഹാരത്തിൽ തൈരോ ജീവകം സിയോ നല്കണം

error: Content is protected !!