
കമ്പൈൻഡ് ഡിഫൻസ് സർവീസസ് (സിഡിഎസ്) രണ്ടാം പരീക്ഷയ്ക്ക് യുപിഎസ്‌സി അപേക്ഷ ക്ഷണിച്ചു. സെപ്തംബർ ഒന്നിനാണ് എഴുത്തുപരീക്ഷ. വനിതകൾക്കും അപേക്ഷിക്കാം. വിവിധ അക്കാദമികളിലായി 459 ഒഴിവുണ്ട്. ജൂൺ നാലിന് വൈകിട്ട് ആറിനകം
അപേക്ഷിക്കണം.
ഇന്ത്യൻ മിലിറ്ററി അക്കാദമി, ഡെറാഡൂൺ
100 സീറ്റ്. (13 സീറ്റ് ആർമി വിങ്ങിൽ എൻസിസി “സി’സർട്ടിഫിക്കറ്റുള്ളവർക്ക് ). 2001 ജൂലൈ രണ്ടിനും 2006 ജൂലൈ ഒന്നിനുമിടയിൽ ജനിച്ച
അവിവാഹിതരായ പുരുഷന്മാർക്ക് അപേക്ഷിക്കാം. ബിരുദമാണ് യോഗ്യത.
നേവൽ അക്കാദമി, ഏഴിമല
എക്സിക്യൂട്ടീവ് ബ്രാഞ്ച് (ജനറൽ സർവീസ്) / ഹൈഡ്രോ. 32 ഒഴിവ് (6 ഒഴിവ് നേവൽ വിങ്ങിൽ എൻസിസി “സി’ സർട്ടിഫിക്കറ്റുള്ളവർക്ക്). 2001 ജൂലൈ രണ്ടിനും 2006 ജൂലൈ ഒന്നിനുമിടയിൽ ജനിച്ച, അവിവാഹിതരായ പുരുഷന്മാർക്കാണ് അവസരം. എൻജിനിയറിങ് ബിരുദമാണ് യോഗ്യത.
എയർ ഫോഴ്സ് അക്കാദമി, ഹൈദരാബാദ്
പ്രീ- ഫ്ലയിങ് ട്രെയിനിങ് കോഴ്സ് -32 ഒഴിവ്. (3 ഒഴിവ് എയർ വിങ്ങിൽ എൻസിസി “സി’ സർട്ടിഫിക്കറ്റ് നേടിയവർക്ക്). അപേക്ഷകർ 2001 ജൂലൈ രണ്ടിനും 2005 ജൂലൈ ഒന്നിനുമിടയിൽ ജനിച്ചവരായിരിക്കണം. കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് നേടിയവർക്ക് 26 വയസ്സുവരെ അപേക്ഷിക്കാം. 25 വയസ്സിന് താഴെയുള്ള അപേക്ഷകർ അവിവാഹിതരായിരിക്കണം. ബിരുദം (പ്ലസ്ടുവിന് ഫിസിക്സ്, മാത്തമാറ്റിക്സ് പഠിച്ചിരിക്കണം)
അല്ലെങ്കിൽ എൻജിനിയറിങ് ബിരുദമാണ് യോഗ്യത.
ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമി ചെന്നൈ
പുരുഷന്മാർക്കുള്ള എസ്എസ്‌സി (നോൺ ടെക്നിക്കൽ) കോഴ്സ് – 276 ഒഴിവ്. അവിവാഹിതരായിരിക്കണം. 2000 ജൂലൈ രണ്ടിനും 2006 ജൂലൈ ഒന്നിനുമിടയിൽ ജനിച്ചവരായിരിക്കണം. ബിരുദമാണ് യോഗ്യത. കൂടാതെ വനിതകൾക്ക് എസ്എസ്‌സി (നോൺ ടെക്നിക്കൽ) കോഴ്സിന് 19 ഒഴിവുണ്ട്. അവിവാഹിതയായിരിക്കണം. ബാധ്യതകളില്ലാത്ത വിധവകൾക്കും വിവാഹബന്ധം വേർപെടുത്തിയവർക്കും അപേക്ഷിക്കാം.
2000 ജൂലൈ രണ്ടിനും 2006 ജൂലൈ ഒന്നിനുമിടയിൽ ജനിച്ചവരായിരിക്കണം. ബിരുദമാണ് യോഗ്യത.
പ്രവേശന രീതി
എഴുത്തുപരീക്ഷ, എസ്എസ്ബി ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. എഴുത്തു പരീക്ഷയ്‌ക്ക് കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് അടക്കം നിരവധി കേന്ദ്രങ്ങളുണ്ട്. ഇന്ത്യൻ മിലിറ്ററി അക്കാദമി, നേവൽ അക്കാദമി, എയർ ഫോഴ്സ് അക്കാദമി
എന്നിവയിലേക്കുള്ള പരീക്ഷയിൽ മൂന്ന് പേപ്പറുണ്ടാകും. ഇംഗ്ലീഷ്, ജനറൽ നോളജ്, എലിമെന്ററി മാത്തമാറ്റിക്സ് എന്നിവ. രണ്ടുമണിക്കൂർ ദൈർഘ്യമുള്ള ഓരോ പേപ്പറിനും പരമാവധി നൂറു മാർക്ക്. ഒബ്ജക്റ്റീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ. തെറ്റുത്തരത്തിന് നെഗറ്റീവ് മാർക്കുണ്ട്. ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിലെ പ്രവേശന പരീക്ഷയ്ക്ക് ഇംഗ്ലീഷ്, ജനറൽ നോളജ് എന്നീ പേപ്പറുകൾ മാത്രമേയുള്ളൂ.
വിവരങ്ങൾക്ക്: www upsconline.nic.in, www.upsc.gov.in


