ആലപ്പുഴ : സഫാരി കാറിനുള്ളിൽ സ്വിമ്മിങ് പൂൾ ഒരുക്കി യാത്ര ചെയ്ത യൂട്യൂബർ സഞ്ജു ടെക്കിക്കെതിരെ നടപടി. ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർടിഒയാണ് സ‍ഞ്ജുവിനെതിരെ നടപടിയെടുത്തത്. കാറിൽ സ്വിമ്മിങ് പൂൾ ഒരുക്കി യാത്ര ചെയ്യുന്നതിന്റെ വീഡിയോ സഞ്ജു യൂട്യൂബിൽ അപ്ലോഡ് ചെയ്തിരുന്നു. വാഹനം ആർടിഒ പിടിച്ചെടുത്തു. പത്തുമണിക്ക് ഓഫീസിൽ ഹാജരാകാനും നിർദേശമുണ്ട്.

വാഹനത്തിന്റെ രജിസ്ട്രേഷനും കാർ ഉടമയുടെയും ഡ്രൈവറുടെയും ലൈസൻസും റദ്ദാക്കിയിട്ടുണ്ട്. വെള്ളം നിറച്ച കാറിൽ അപകടരമായ രീതിയിൽ യാത്ര ചെയ്തതിനാണ് നടപടി. സഞ്ജു വാഹനത്തിൽ സഞ്ചരിച്ചുകൊണ്ട് കുളിക്കുകയും പിന്നീട് വെള്ളം റോഡിലേക്ക് ഒഴുക്കിവിടുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. ഇത്തരം യാത്രകൾ അത്യന്തം അപകടകരമാണെന്ന് എൻഫോഴ്‌സ്‌മെന്റ് ആർടിഒ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് വാഹനം മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തത്. അത്യന്തം അപകടകരമായ വിധത്തിൽ പൊതുനിരത്തിലൂടെയാണ് കാർ ഓടിച്ചിരുന്നത്. കാറിന്റെ പിൻഭാ​ഗത്ത് പാസഞ്ചേഴ്സ് ഇരിക്കുന്ന സീറ്റ് അഴിച്ചുമാറ്റിയാണ് അവിടെ സ്വിമ്മിങ് പൂൾ ഒരുക്കിയത്. ടാർപോളിൻ വലിച്ചുകെട്ടി അതിൽ കുഴലിലൂടെ വെള്ളം നിറച്ചാണ് കാറിനുള്ളിൽ പൂൾ ഉണ്ടാക്കിയത്.

ദേശീയ പാതയിലൂടെയാണ് സഞ്ജുവും കൂട്ടുകാരും ഈ വാഹനമോടിച്ചത്. നിരവധി പേർ കാറിനുള്ളിലെ പൂളിൽ കുളിയ്ക്കുന്നതായും വാഹനം റോഡിലൂടെ സഞ്ചരിക്കുന്നതായും വിഡിയോയിൽ കാണാം. അതിനിടെ വാഹനത്തിലെ പൂളിനുള്ളിലെ മർദം കൊണ്ട് വാഹനത്തിന്റെ എയർ ബാ​ഗ് പുറത്തേക്ക് വരികയും ഒടുവിൽ ബാക്ക് ഡോർ തുറന്ന് ഇവർ വെള്ളം പുറത്തേക്ക് ഒഴുക്കി കളയുകയും ചെയ്തിരുന്നു.

error: Content is protected !!