
ലോകമെമ്പാടുമുള്ള പ്രവാസികേരളീയരുടെ സംഗമവേദിയായ ലോക കേരള സഭയുടെ നാലാം സമ്മേളനം ജൂൺ 13 മുതൽ 15 വരെയുള്ള തീയതികളിൽ തിരുവനന്തപുരത്ത് നടക്കും. കേരള നിയമസഭാമന്ദിരത്തിലെ ആര്‍.ശങ്കരനാരായണന്‍ തമ്പി ഹാളാണ് ഇത്തവണയും വേദി. നൂറോളം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളുൾപ്പടെ 351 അംഗങ്ങളായിരിക്കും ലോക കേരള സഭയിൽ ഉണ്ടാവുക.
നിലവിലെ നിയമസഭ അംഗങ്ങൾ, കേരളത്തിനെ പ്രതിനിധീകരിക്കുന്ന പാർലമെന്റ് അംഗങ്ങൾ, ഇന്ത്യൻ പൗരത്വമുള്ള പ്രവാസി കേരളീയർ, ഇന്ത്യക്ക് പുറത്തുള്ളവർ, ഇതര ഇന്ത്യൻ സംസ്ഥാനങ്ങളിൽ ഉള്ളവർ, തിരികെയെത്തിയ പ്രവാസികൾ, തങ്ങളുടെ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച പ്രവാസികൾ, ഒ.സി.ഐ. കാർഡ് ഉടമകൾ എന്നിവർ ഇതിൽ ഉൾപ്പെടുന്നു.
സഭയില്‍ അംഗത്വത്തിന് താല്‍പര്യമുളള പ്രവാസി കേരളീയർക്ക് ഏപ്രില്‍ 15 വരെ അപേക്ഷിക്കാൻ അവസരം നൽകിയിരുന്നു.
മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളിലും ലോകത്തിന്റെ നാനാഭാഗങ്ങളിലുള്ള പ്രവാസി കേരളീയരുടെ കൂട്ടായ്മയും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനും കേരളീയ സാമൂഹിക, സാംസ്കാരിക, സാമ്പത്തിക വികസനത്തിനായി പ്രവാസികളെ സംസ്ഥാനവുമായി സമന്വയിപ്പിക്കുന്നതിനും ക്രിയാത്മകമായ നിർദേശങ്ങളും സംഭാവനകളും നൽകുന്നതിനും അവരുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യുന്നതിനുമായി കേരളത്തിലെ ജനപ്രതിനിധികളോട് ഒപ്പമുള്ള ഒരു പൊതുവേദിയാണ് ലോക കേരള സഭ. വ്യത്യസ്ത മേഖലകളിലുള്ള പ്രവാസി മലയാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി ലോക കേരള സഭയുടെ മേഖലാ സമ്മേളനങ്ങളും നടത്തിവരുന്നു.
നാളിതുവരെയായി ലോക കേരള സഭയുടെ മൂന്ന് സമ്മേളനങ്ങളും മൂന്ന് മേഖലാ സമ്മേളനങ്ങളുമാണ് സംഘടിപ്പിച്ചിട്ടുള്ളത്. 2019 ഫെബ്രുവരി 15, 16 ന് ദുബായിലും 2022 ഒക്ടോബർ 9 ന് ലണ്ടനിലും 2023 ജൂൺ 9, 10, 11 തീയതികളിൽ ന്യൂയോർക്കിലും മേഖലാ സമ്മേളനങ്ങളും സംഘടിപ്പിച്ചു.



