
വെള്ളിയാഴ്ച രാവിലെ ലോക്സഭ തിരഞ്ഞെടുപ്പിനുള്ള വോട്ടെടുപ്പ് ആരംഭിച്ചാൽ എല്ലാവരുടെയും ആകാംക്ഷ വോട്ടിങ് നില എത്രയെന്ന് അറിയാനായിരിക്കും. മൊബൈൽ ഫോൺ കയ്യിലുണ്ടെങ്കിൽ ഇക്കുറി വോട്ടെടുപ്പ് നില എത്രശതമാനമായെന്ന് അറിയാൻ വേറെങ്ങും പേവേണ്ട. മൊബൈൽ ഫോണിൽ വോട്ടർ ടേൺഔട്ട് ആപ്പ് ഇൻസ്റ്റാൾ ചെയ്താൽ വോട്ടിംഗ് നില അറിയാനാകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ പറഞ്ഞു. വോട്ടെടുപ്പ് ശതമാനം പൊതുജനങ്ങൾക്ക് തത്സമയം അറിയാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തിറക്കിയ വോട്ടർ ടേൺ ഔട്ട് ആപ്പിലൂടെ സംസ്ഥാനത്തെ മൊത്തം വോട്ടിങ് നിലയും മണ്ഡലം തിരിച്ചുള്ള വോട്ടിങ് നിലയും അപ്പപ്പോൾ അറിയാനാവും. പോളിങ് ശതമാനം രണ്ട് മണിക്കൂർ ഇടവിട്ടാണ് ആപ്പിൽ ലഭ്യമാവുക.
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ ആപ്പിൾ ആപ് സ്റ്റോറിൽനിന്നോ ആപ്പ് ഡൗൺലോഡ് ചെയ്ത് ഉപയോഗിക്കാം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ എൻകോർ സെർവറിൽ നിന്നുള്ള തത്സമയ വിവരങ്ങളാണ് ആപ്പിലൂടെ ലഭ്യമാകുന്നത്. വോട്ടിങ് ശതമാനം സാമൂഹികമാധ്യമങ്ങളിൽ പങ്കുവെക്കാനുള്ള സൗകര്യവും ആപ്പിലുണ്ട്. തിരഞ്ഞെടുപ്പ് കാലയളവിൽ മാത്രമാണ് ഈ ആപ്പ് ഉപയോഗിക്കാനാവുക.



