
തിരുവനന്തപുരത്ത് 16കാരിയെ കൂട്ടബലാത്സംഗം ചെയ്ത മൂന്നുപേർ പിടിയിൽ. തിരുവനന്തപുരം കിളിമാനൂരിലാണ് സംഭവം. ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെയാണ് സംഘം കൂട്ട ബലാത്സംഗം ചെയ്തത്. മേലേവെട്ടൂർ സ്വദേശി ഹുസൈൻ, വെങ്കുളം സ്വദേശി രാഖിൽ, മാന്തറ സ്വദേശി കമാൽ എന്നിവരാണ് കേസിലെ പ്രതികൾ.
ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. ഹുസൈൻ എന്നയാളാണ് പെൺകുട്ടിയെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ടത്. ശനിയാഴ്ച രാത്രി 12 മണിക്ക് കുട്ടിയെ വീടിനു പുറത്തേക്ക് വിളിച്ച ഹുസൈനും മറ്റ് രണ്ട് പേരും ചേർന്ന് തട്ടിക്കൊണ്ടുപോയി. സമീപപ്രദേശത്തുള്ള റബ്ബർ തോട്ടത്തിൽ വച്ചാണ് മൂവർ സംഘം പെൺകുട്ടിയെ കൂട്ട ബലാത്സംഗം ചെയ്തത്.
മയക്കുമരുന്ന് ഉൾപ്പെടെ നൽകിയായിരുന്നു പീഡനം. പീഡനത്തിനു ശേഷം കുട്ടിയെ ഇവർ ഉപേക്ഷിച്ചു. പിറ്റേന്ന് കുട്ടിയെ കാണാനില്ലെന്ന് കാട്ടി കുടുംബം പൊലീസിൽ പരാതിപ്പെട്ടു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ കുട്ടിയെ റബ്ബർ തോട്ടത്തിൽ നിന്ന് കണ്ടെത്തി. ഇതോടെ പൊലീസ് കേസെടുക്കുകയായിരുന്നു.


