വിഴിഞ്ഞം തുറമുഖത്ത് അഞ്ചാമത്തെ കപ്പൽ നങ്കൂരമിട്ടു. ക്രെയിനുകളുമായി ചൈനയിൽനിന്നുള്ള ഷെൻഹുവ 16 ആണ് ചൊവ്വ പകൽ 11.10ഓടെ വിഴിഞ്ഞം ബെർത്തിൽ അടുപ്പിച്ചത്. ഓഷ്യൻ സ്‌പിരിറ്റ്, രണ്ട് ഡോൾഫിൻ ടഗ്‌ എന്നിവ ചേർന്ന് കപ്പലിനെ തുറമുഖത്തേക്ക് സ്വീകരിച്ചു. ആറ്‌ യാർഡ് ക്രെയിനുകളുമായി മാർച്ച് 23നാണ് കപ്പൽ ചൈനയിലെ ഷാൻഹായിയിൽനിന്ന്‌ യാത്ര ആരംഭിച്ചത്. 

വ്യാഴാഴ്ചമുതൽ ക്രെയിനുകൾ ഇറക്കുന്ന ജോലികൾ തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. കൂടുതൽ ക്രെയിനുകളുമായി 17നും 23നും ഷെൻഹുവ -35, ഷെൻഹുവ -34 എന്നീ കപ്പലുകൾ കൂടി വിഴിഞ്ഞത്ത് എത്തും. മൂന്ന്‌ കപ്പലിലായി 17 ക്രെയിനാണ് ചൈനയിൽനിന്ന്‌ എത്തിക്കുന്നത്. ആകെ വേണ്ട 32 ക്രെയിനിൽ ആദ്യ ഘട്ടത്തിൽ 15 എണ്ണമെത്തിച്ചിരുന്നു. ഇവയെല്ലാം ട്രാക്കിൽ ഉറപ്പിച്ച് ബലപരീക്ഷണമുൾപ്പെടെ നടത്തി. അടുത്ത കപ്പലിൽ ഷിപ് ടു ഷോർ ക്രെയിൻ രണ്ടെണ്ണവും കാന്റിലിവർ റെയിൽമൗണ്ടഡ് ഗാൻട്രി ക്രെയിനുകൾ നാലെണ്ണവുമെത്തിക്കും. 23ന് എത്തുന്ന കപ്പലിൽ രണ്ട്‌ ഷിപ് ടു ഷോർ ക്രെയിനും മൂന്ന്‌ കാന്റിലിവർ റെയിൽമൗണ്ടഡ് ഗാൻട്രി ക്രെയിനുകളുമാണ് കൊണ്ടുവരുന്നത്.