പാറശാല സ്വദേശി ഷാരോണിനെ കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ഗ്രീഷ്‌മയ്‌ക്ക് തിരിച്ചടി. കേസിലെ അന്തിമ റിപ്പോർട്ട് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗ്രീഷ്മ നൽകിയ ഹർജി സുപ്രീംകോടതി തള്ളി.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് അന്തിമ റിപ്പോർട്ട് ഫയൽ ചെയ്യാൻ നിയമപരമായ അധികാരമില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. നേരത്തെ ഹൈക്കോടതിയും ഹർജി തള്ളിയിരുന്നു.
മുര്യങ്കര ജെപി ഹൗസിൽ ജയരാജിന്റെ മകനും നെയ്യൂർ ക്രിസ്ത്യൻ കോളേജിലെ അവസാനവർഷ ബിഎസ്‌സി റേഡിയോളജി വിദ്യാർഥിയുമായിരുന്നു കൊല്ലപ്പെട്ട ഷാരോൺ. മറ്റൊരാളുമായി വിവാഹം നിശ്‌ചയിച്ചതിനാൽ ബന്ധത്തിൽനിന്ന് പിന്മാറണമെന്ന ഗ്രീഷ്‌മയുടെ ആവശ്യം നിഷേധിച്ചതോടെ വീട്ടിലേക്ക് വിളിച്ചുവരുത്തി കഷായത്തിൽ വിഷം കലർത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.
2022 ഒക്‌ടോബർ 14നായിരുന്നു സംഭവം. ചികിത്സയിലിരിക്കെ ഒക്ടോബർ 25നാണ് ഷാരോൺ മരിച്ചത്. ഗ്രീഷ്മയുടെ അമ്മ സിന്ധുവും അമ്മാവൻ നിർമലകുമാരനുമാണ് മറ്റു പ്രതികൾ.