അരനൂറ്റാണ്ടിലപ്പുറം റേഷൻകട നടത്തിയിരുന്ന ഏറ്റവും പ്രായംകൂടിയ ലൈസൻസി വെങ്ങോല ചായാട്ടു വേലായുധൻ (104) വിടവാങ്ങി. 1957ൽ വെസ്റ്റ് വെങ്ങോല ഈച്ചരൻ കവലയിൽ റേഷൻകട തുടങ്ങിയ വേലായുധൻ ചേട്ടന് 67 വർഷത്തിനിടെ ഒരിക്കലും ഭക്ഷ്യവകുപ്പിന്റെ നടപടി നേരിട്ടിട്ടില്ല.

കഞ്ഞിക്ക്‌ വെള്ളംവച്ച് റേഷൻകടയിൽ ചെന്നാൽ അരി ഉറപ്പെന്നായിരുന്നു നാട്ടുകാർ പറഞ്ഞിരുന്നത്. പഞ്ഞമാസത്തിൽ ദാരിദ്ര്യത്തിൽ പാവങ്ങൾക്ക് അത്താണിയായിരുന്നു വേലായുധൻ ചേട്ടന്റെ റേഷൻകട. ചെരുപ്പുപോലും ധരിക്കാതെ ജീവിച്ച വേലായുധൻ ചേട്ടന്റെ ജീവിതനിഷ്ഠയിൽ ഒരിക്കൽപ്പോലും ആശുപത്രിയിൽ കഴിയേണ്ടിവന്നിട്ടില്ല. റേഷൻ വിതരണത്തിൽ ജാഗ്രതപാലിച്ചിരുന്ന അദ്ദേഹത്തെ  പൊതുവിതരണവകുപ്പ് ഒരുവർഷം മുമ്പ് ഭക്ഷ്യവസ്തുക്കൾ വീട്ടിലെത്തിച്ച് ആദരിച്ചു.

തന്റെ മൃതദേഹം ദഹിപ്പിക്കരുതെന്നും മണ്ണിൽ അലിഞ്ഞുചേരുംവിധം പെട്ടിയിലാക്കി സംസ്‌കരിക്കണമെന്നും ഒരുമാസംമുമ്പ് കുടുംബാംഗങ്ങളോട് വേലായുധൻ ചേട്ടൻ പറഞ്ഞിരുന്നു. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം നാലു തലമുറ സാക്ഷിയായിട്ടാണ് സംസ്‌കാരച്ചടങ്ങുകൾ നടത്തിയത്. വെങ്ങോല സഹകരണ ബാങ്ക് 2023ലെ ലോക വയോജനദിനത്തിൽ ഇദ്ദേഹത്തെ അംഗത്വം നൽകി ആദരിച്ചിരുന്നു.

ഭാര്യ: പരേതയായ സുഭദ്ര. മക്കൾ: സി വി ചന്ദ്രൻ (റിട്ട. പൊലീസ് ഇൻസ്പെക്ടർ), സതി, സാവിത്രി, ശാന്ത, ശ്യാമള, സാനി. മരുമക്കൾ: റാണി, ശ്രീധരൻ, ചെല്ലപ്പൻ, നാരായണൻ, ബാബു, സലിം.

error: Content is protected !!