തിരുവനന്തപുരം > പ്രൊഫഷണലുകളായി സേവനരംഗത്തേക്ക്‌ കടക്കാൻ കുടുംബശ്രീ പ്രവർത്തരും. “ക്വിക്‌ സെർവ്‌’ എന്ന പേരിൽ കുടുംബശ്രീ അർബൻ സർവീസ്‌ ടീമാണ്‌ വീട്ടുജോലി, ക്ലീനിങ്‌, പ്രസവാനന്തര ശുശ്രുഷ, രോഗീപരിചരണം, ശിശുചരിചരണം, രോഗികൾക്കും കുഞ്ഞുങ്ങൾക്കും കൂട്ടിരിക്കൽ തുടങ്ങിയ മേഖലകളിൽ സഹായഹസ്‌തവുമായി എത്തുക.

സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലും നഗരപ്രദേശങ്ങളിൽ പദ്ധതി വ്യാപിപ്പിക്കുകയാണ്‌ ലക്ഷ്യം. നഗരവാസികളുടെ മാറുന്ന ജീവിതരീതിയും സമയക്കുറവും കണക്കിലെടുത്താണ്‌  പ്രവർത്തകർക്ക്‌ വരുമാനം നൽകുന്ന പദ്ധതിക്ക്‌ കുടുംബശ്രീ രൂപം നൽകിയത്‌. അംഗങ്ങളായ 3000 പേർക്ക്‌ അവരുടെ സ്വന്തം നഗരത്തിൽതന്നെ ജോലി ചെയ്യാനാകുമെന്ന പ്രത്യേകതയുമുണ്ട്. നഗര സിഡിഎസുകളിൽ അംഗങ്ങളായിട്ടുള്ള അയൽക്കൂട്ട അംഗങ്ങളിൽ നിന്നും ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങളിൽ നിന്നും തെരഞ്ഞെടുക്കുന്ന മൂന്നോ അതിലധികമോ വരുന്ന അംഗങ്ങളെ ഉൾപ്പെടുത്തി ഒരു ഗ്രൂപ്പ് സംരംഭം ആയിട്ടായിരിക്കും ക്വിക്‌ സെർവ് പ്രവർത്തിക്കുക. സംരംഭത്തെ കുടുംബശ്രീ സിഡിഎസിൽ രജിസ്റ്റർ ചെയ്യും. ക്വിക് സെർവിന്റെ സർവീസ് പ്രൊവൈഡറായി പ്രവർത്തിക്കാൻ താൽപ്പര്യമുള്ള അംഗങ്ങളെ കണ്ടെത്തി അവരെ ക്വിക് സെർവ് സർവീസ് പ്രൊവൈഡറായി രജിസ്‌റ്റർ ചെയ്യുകയും ചെയ്യും.

ഇങ്ങനെ രജിസ്‌റ്റർ ചെയ്ത്‌ അംഗങ്ങൾക്ക് അഞ്ചുദിവസം നീണ്ടുനിൽക്കുന്ന പരിശീലനം നൽകി വിവിധ സർവീസുകളിൽ പരിശീലനം നൽകും. വിവിധ ഗൃഹോപകരണങ്ങളുടെ ഉപയോഗം, വൃത്തിയായി പാചകം ചെയ്യുന്ന രീതികൾ, കുട്ടികൾ വയോജനങ്ങൾ കിടപ്പുരോഗികൾ എന്നിവരുടെ പരിചരണം, വിവിധ ആധുനിക ഗൃഹോപകരണങ്ങൾ ഉപയോഗിച്ചുള്ള ശുചീകരണം തുടങ്ങിയ വിഷയങ്ങളിൽ ക്ലാസുകൾ, ഇവയുടെ പ്രാക്ടിക്കൽ ക്ലാസ്‌ എന്നിവയും പരിശീലനത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.