
പത്തനംതിട്ട: സ്വന്തം കല്യാണത്തിന് രണ്ടെണ്ണം അടിച്ച് പൂസായി പ്രശ്നമുണ്ടാക്കിയ വരനെ കസ്റ്റഡിയിലെടുത്ത് പൊലീസ്. പത്തനംതിട്ട തടിയൂരിലാണു സംഭവം. വിവാഹത്തിൽ നിന്ന് വധുവും കുടുംബവും പിന്മാറി. വധുവിന്റെ വീട്ടുകാർക്ക് 6 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാമെന്ന ധാരണയിലാണ് ഇരുകൂട്ടരും പിരിഞ്ഞത്.പള്ളിമുറ്റത്തെത്തിയ വരന് നിലത്ത് കാലുറക്കാതെ കാറിൽനിന്നിറങ്ങാൻപോലും പാടുപെട്ടു. പുറത്തിറങ്ങിയതോടെ കൂടുതൽ വഷളായി. വിവാഹത്തിനു കാർമികത്വം വഹിക്കാനെത്തിയ വൈദികനോടുവരെ തെറി വിളിയായി.വിവരമറിഞ്ഞ് പൊലീസെത്തിയപ്പോഴും വരൻ പ്രശ്നമുണ്ടാക്കി. അതോടെ, മദ്യപിച്ച് പ്രശ്നമുണ്ടാക്കിയെന്ന വകുപ്പു ചുമത്തി പൊലീസ് കേസെടുത്തു.മദ്യപിച്ചതായി വൈദ്യപരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്. വിദേശത്തുനിന്നു വിവാഹത്തിനെത്തിയതായിരുന്നു വരൻ. രാവിലെ മുതൽ മദ്യപിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

