ലോക്‌സഭ തിരഞ്ഞെടുപ്പിന്റെ ഭാഗമായ അന്തിമഘട്ടതയ്യാറെടുപ്പുകള്‍ പഴുതുകളില്ലാതെ പുരോഗമിക്കുന്നുവെന്ന് വരണാധികാരിയായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. വോട്ടിംഗ് ദിനത്തിന് മുമ്പ് നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ വരണാധികാരിയായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ് ചേമ്പറില്‍ ചേര്‍ന്ന പ്രത്യേക യോഗത്തില്‍ വിശദീകരിച്ചു. ഏപ്രില്‍ 25 മുതല്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങളുടെ സൂക്ഷ്മവിശകലനവും നടത്തി. കമ്മിഷന്‍ ചെയ്ത വോട്ടിംഗ്‌യന്ത്രങ്ങളുടെ വിതരണം മുതല്‍ വോട്ടിംഗ് കേന്ദ്രങ്ങളില്‍ പാലിക്കേണ്ട ചിട്ടകളും ചുമതലകളും സംബന്ധിച്ച സംശയനിവാരണവും നടത്തി.


സ്‌ട്രോംഗ് റൂമുകളില്‍നിന്ന് വോട്ടിംഗ് മെഷീനുകള്‍ പുറത്തെടുക്കുന്ന ഘട്ടംമുതല്‍ അതീവസുരക്ഷ ഉറപ്പാക്കിയിട്ടുണ്ട്. വോട്ടിംഗ്‌സാമഗ്രികളുടെ വിതരണകേന്ദ്രങ്ങളില്‍ സമയബന്ധിതമായ പ്രവര്‍ത്തന പൂര്‍ത്തീകരണത്തിന് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരെ ചുമതലപ്പെടുത്തി. പോളിംഗ് കേന്ദ്രങ്ങളുടെ പൂര്‍ണനിയന്ത്രണവും ചുമതലയും ഇവര്‍ക്കുതന്നെയാണ്. വോട്ടറുടെ സമ്മതിദാന അവകാശവിനിയോഗത്തിലെ സ്വകാര്യത ഉറപ്പാക്കുന്നതില്‍ അതീവശ്രദ്ധ പുലര്‍ത്താന്‍ കര്‍ശനനിര്‍ദേശവും നല്‍കിയിട്ടുണ്ട്.


പ്രശ്‌നബാധിത ബൂത്തുകളില്‍ സുരക്ഷാസംവിധാനം കൂടുതല്‍ ശക്തമായനിലയില്‍ പ്രവര്‍ത്തിക്കും. എത്തിച്ചേരാന്‍ ദുര്‍ഘടമായ പ്രദേശങ്ങളിലേക്ക് ആവശ്യമായ സംവിധാനങ്ങളെല്ലാമുണ്ടാകും. ഇത്തരംകേന്ദ്രങ്ങളില്‍ അടിയന്തരസാഹചര്യങ്ങളെ നേരിടുന്നതിനുള്ള സൗകര്യവും ഉറപ്പാക്കും. കുടിവെള്ളം, വൈദ്യുതി ഉള്‍പ്പടെ അടിസ്ഥാനസൗകര്യങ്ങള്‍ എല്ലാ വോട്ടെടുപ്പ് കേന്ദ്രങ്ങളിലും ഉറപ്പാക്കിയിട്ടുണ്ട്.
തിരഞ്ഞെടുപ്പിന്റെ സുഗമവും സുതാര്യവുമായ നടത്തിപ്പിന്, ചുമതലയുള്ള എല്ലാ ഉദ്യോഗസ്ഥരും ജാഗ്രതയോടെ പ്രവര്‍ത്തിക്കണം. വോട്ടിംഗ് പൂര്‍ത്തിയായശേഷം മെഷീനുകള്‍ തിരികെ സ്‌ട്രോംഗ് റൂമുകളിലേക്ക് മാറ്റുന്നത്‌വരെ നീളുന്ന തിരഞ്ഞെടുപ്പ് ജോലികള്‍ കൃത്യതയോടെനിര്‍വഹിക്കണം. ഉത്തരവാദിത്തങ്ങളില്‍ വീഴ്ചവരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും വരണാധികാരി വ്യക്തമാക്കി

error: Content is protected !!