കെഎസ്ആർടിസിയെ നഷ്ടത്തിൽ നിന്ന് കരകയറ്റാനായി ബസുകൾ സ്വകാര്യ ആവശ്യങ്ങൾക്കായി വാടകയ്ക്ക് കൊടുക്കുന്നത് വൻഹിറ്റാകുന്നു. ആലപ്പുഴ ജില്ലയിലാണ് കല്യാണയാത്രകൾക്കായുള്ള ആവശ്യങ്ങൾക്ക് കെഎസ്ആർടിസി ബസുകൾ ഉപയോഗിക്കുന്നതു വ്യാപകമാകുന്നത്. ഇക്കഴിഞ്ഞദിവസം മാത്രം ജില്ലയിൽ ഏഴു കല്ല്യാണങ്ങൾക്കാണ് കെഎസ്ആർടിസി ബസുകൾ ഉപയോഗിച്ചത്.മേയ് അഞ്ചുവരെ 14-ബുക്കിങ്ങുകളാണ് കെഎസ്ആർടിസിക്ക് ലഭിച്ചിരിക്കുന്നത്. ബജറ്റ് ടൂറിസംസെൽ നടത്തുന്ന അവധിക്കാല ട്രിപ്പുകൾക്കൊപ്പം വിവാഹ ഓട്ടവും കെഎസ്ആർടിസിയെ ഹിറ്റാക്കുകയാണ്. സ്വകാര്യ ടൂറിസ്റ്റ് ബസ്സുകളെക്കാളും നിരക്കുകുറച്ചാണ് സർവീസ് നടത്തുന്നതെന്നാണ് കെഎസ്ആർടിസി പറയുന്നത്. ഇതാണ് ആനവണ്ടികൾക്ക് ആവശ്യകത വർധിപ്പിച്ചിരിക്കുന്നത്.നിലവിൽ അവധിക്കാലം കൂടിയായതിനാൽ ടൂറിസ്റ്റ് ബസ്സുകൾ ലഭിക്കുന്നതും ബുദ്ധിമുട്ടുണ്ട്. അതിനാൽ കല്ല്യാണയാത്രകൾ കെഎസ്ആർടിസിക്ക് മികച്ച വരുമാനമാണു നൽകുന്നത്. വിവാഹത്തിനുപുറമേ വിവിധ സംഘടകനകളുടെ യോഗങ്ങൾ തുടങ്ങി സ്വകാര്യ ആവശ്യങ്ങൾക്കായി കെഎസ്ആർടിസി ബസുകളും ജൻറം ബസ്സുകളും സ്വിഫ്റ്റ് ബസ്സുകളും വാടകയ്ക്കു നൽകുന്നുണ്ട്.