
ലോക്സഭാ തെരഞ്ഞെടുപ്പ് 2024 ൽ കേരളത്തിലെ 20 മണ്ഡലങ്ങളിൽ ഇന്ന് വോട്ടെടുപ്പ്. നാൽപത് ദിവസം നീണ്ട പ്രചാരണം പൂർത്തിയാക്കിയാണ് സംസ്ഥാനം തെരഞ്ഞെടുപ്പിലേക്ക് കടക്കുന്നത്. 20 മണ്ഡലങ്ങളിലായി 194 സ്ഥാനാർഥികളാണ് മത്സരിക്കുന്നത്. രാവിലെ ഏഴു മുതൽ വൈകീട്ട് ആറുവരെയാണ് പോളിംഗ്. നിലവിൽ ബൂത്തുവകളിൽ മോക്ക് പോളിംഗ് നടക്കുകയാണ്. എല്ലാ മുന്നണികളും ആത്മവിശ്വാസത്തിലാണ്.
കഴിഞ്ഞ ദിവസം രാവിലെ മുതൽ പോളിംഗ് സാമഗ്രികളുടെ വിതരണം തുടങ്ങിയിരുന്നു. 2 കോടി 77 ലക്ഷത്തി 49159 വോട്ടർമാരാണ് ആകെ വോട്ടർമാർ. 25231 ബൂത്തുകളാണ് ഒരുക്കിയിരിക്കുന്നത്. എങ്ങും കനത്ത സുരക്ഷക്കായി 62 കമ്പനി കേന്ദ്രസേന അധികമായുണ്ട്. കേരളമടക്കം രണ്ടാം ഘട്ട വോട്ടെടുപ്പിൽ 13 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 88 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്.
കർണാടകയിൽ 14 സീറ്റിലും രാജസ്ഥാനിൽ 13 സീറ്റിലും മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ എട്ട് സീറ്റിലും മധ്യപ്രദേശിൽ ഏഴിടത്തും അസം, ബിഹാർ എന്നിവിടങ്ങളിൽ അഞ്ചിടത്തും ബംഗാൾ, ഛത്തീസ്ഗഢ് എന്നിവിടങ്ങളിൽ മൂന്നിടത്തും ജമ്മുകശ്മീർ, മണിപ്പൂർ, ത്രിപുര എന്നിവിടങ്ങളിൽ ഓരോയിടത്തുമാണ് തെരഞ്ഞെടുപ്പ്.




