കൊച്ചി: ഇന്റര്‍നാഷണല്‍ ക്ലബ്ബ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പന്ത് തട്ടാന്‍ കേരളത്തില്‍ നിന്നും രണ്ട് മിടുമിടുക്കന്മാരും. മലയാറ്റൂരില്‍ നിന്നുള്ള ഡാനില്‍ കെ ഷിജുവിനും ലിയോണ്‍ ഷിനോജുമാണ് അഭിമാന താരങ്ങള്‍. ജിനോസ് ഫുട്‌ബോള്‍ അക്കാദമിയിലെ അംഗങ്ങളാണ് ഇരുവരും.ഇന്റര്‍നാഷണല്‍ ക്ലബ്ബ് ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പായ സോക്കോളിക്ക് കപ്പ് മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്.സിയുടെ ടീമംഗങ്ങളായാണ് ഡാനിലും ലിയോണും കളത്തിലിറങ്ങുക.

അണ്ടര്‍ 10 വിഭാഗത്തിലാണ് മത്സരം. യൂറോപ്യന്‍ ക്ലബ്ബുകളായ ബാഴ്സലോണ, ജുവന്റസ്, ലിവര്‍പൂള്‍ തുടങ്ങിയ ക്ലബ്ബുകള്‍ പോരാട്ടത്തില്‍ അണിനിരക്കും. ജൂണില്‍ പോളണ്ടില്‍ വെച്ചാണ് മത്സരം നടക്കുക.സ്പോര്‍ട്സ് ഹൂഡ് അക്കാദമിയുടെ കീഴില്‍ പരിശീലനത്തിലാണ് ഇരുവരും. അമല്‍ ആണ് മുഖ്യ പരിശീലകന്‍.

മലയാറ്റൂര്‍ സ്വദേശി ഷിജുവിന്റെയും ജിഷയുടേയും മകനാണ് ഡാനില്‍. മലയാറ്റൂര്‍ സെന്റ്‌മേരീസ് എല്‍പി സ്‌കൂളില്‍ 4ാം ക്ലാസ് വിദ്യാര്‍ഥിയാണ്. നടുവട്ടം സ്വദേശി ഷിനോജിന്റേയും റിന്റിയുടേയും മകനാണ് ലിയോണ്‍. കിടങ്ങൂര്‍ ഓക്‌സീലിയം സ്‌കൂളില്‍ നാലാം ക്ലാസിലാണ് ലിയോണ്‍ പഠിക്കുന്നത്.