കണ്ണൂർ : എന്നും നാടിനുവേണ്ടി തുടിച്ചിരുന്ന ഹൃദയമായിരുന്നു കശ്യപിന്റേത്. പ്രതിസന്ധികളിലായവരെ കൈവിടാത്ത കശ്യപ് നാട്ടുകാർക്ക് സ്വന്തം കിച്ചുവായിരുന്നു. മുന്നറിയിപ്പുകളേതുമില്ലാതെ മരണം തേടിയെത്തിപ്പോഴും മൂന്നുപേർക്ക് ജീവൻ പകർന്നാണ് അവൻ യാത്രയായത്. ഹൃദയാഘാതത്താൽ റാസൽഖൈമയിലെ താമസസ്ഥലത്താണ് മുപ്പതുകാരനായ കശ്യപ് ശശി കുഴഞ്ഞുവീണത്. രണ്ടാഴ്‌ചയോളം ആശുപത്രിയിൽ ചികിത്സയിലിരിക്കെ, കഴിഞ്ഞ നാലിന് മസ്തിഷ്‌കമരണം സംഭവിച്ചു. തുടർന്ന്, കരളും ഇരു വൃക്കളും അബുദബിയിലെ ആശുപത്രിയിൽ ദാനംചെയ്‌തു.
എളയാവൂർ സൗത്തിലെ പരേതനായ പി എം ശശിയുടെയും കക്കോത്ത് ലീലാവതിയുടെയും മകനാണ്. കെ നിമിഷ സഹോദരിയാണ്. അച്ഛൻ നഷ്‌ടപ്പെട്ട കശ്യപ് നന്നേ ചെറുപ്പത്തിൽതന്നെ കുടുംബത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. സിപിഐ എം എളയാവൂർ സൗത്ത്–- സി മുൻ ബ്രാഞ്ചംഗവും ഡിവൈഎഫ്‌ഐ യൂണിറ്റ് മുൻ പ്രസിഡന്റുമായിരുന്നു. ഡിവൈഎഫ്‌ഐയുടെ പൊതിച്ചോർ വിതരണപദ്ധതിയിലും രക്തദാന, സാന്ത്വന പ്രവർത്തനങ്ങളിലുമെല്ലാം സജീവമായിരുന്നു. മൂന്ന് വർഷത്തിലേറെയായി റാസൽഖൈമയിലെ അൽവാസൽ കമ്യൂണിക്കേഷൻ കമ്പനിയിൽ ടെലികമ്യൂണിക്കേഷൻ എൻജിനിയറാണ്.
ആറു മാസംമുമ്പാണ് നാട്ടിൽ ബന്ധുവിന്റെ ഗൃഹപ്രവേശത്തിനെത്തി വിദേശത്തേക്ക് മടങ്ങിയത്. വിഷുവിന് നാട്ടിലേക്ക് വരാനിരിക്കെയാണ് മരണം. ഞായറാഴ്‌ച കരിപ്പൂർ വിമാനത്താവളത്തിലെത്തിച്ച കശ്യപിന്റെ മൃതദേഹം കൗൺസിലർ ധനേഷ് മോഹൻ, ഡിവൈഎഫ്‌ഐ യൂണിറ്റ് ഭാരവാഹികളായ കെ വിനീഷ്, കെ ആദർശ് എന്നിവർ ഏറ്റുവാങ്ങി. തിങ്കൾ രാവിലെ പത്തിന് പയ്യാമ്പലത്താണ് സംസ്‌കാരം.