കൊച്ചി: ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ട്രാന്‍സ്പ്ലാന്റ് ഗെയിംസിന്റെ സുവനീര്‍ പ്രകാശനം ചെയ്തു. കൊച്ചി ഐഎംഎ ഹൗസില്‍ നടന്ന ചടങ്ങില്‍ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസാണ് പ്രകാശനം കര്‍മ്മം നിര്‍വ്വഹിച്ചത്.
അവയവ ദാനത്തിന് ഏറെ പ്രോത്സാഹനം നല്‍കുന്നതായിരുന്നു ഹാര്‍ട്ട് ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ട്രാന്‍സ്പ്ലാന്റ് ഗെയിംസ് എന്ന് ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസ് പറഞ്ഞു. ഇത്തരത്തിലുള്ള കായിക മത്സരങ്ങള്‍ അവയവദാതാക്കളിലും സ്വീകര്‍ത്താക്കളിലും ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും. അവയവദാനത്തിലൂടെ പ്രതിഫലിക്കുന്നത് മനുഷ്യ സമൂഹത്തിന്റെ ദാനശീലവും സഹാനുഭൂതിയും അനുകമ്പയുമാണെന്നും ജസ്റ്റിസ് അഭിപ്രായപ്പെട്ടു.
ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ഡോ. ജോസ് ചാക്കോ പെരിയപുറം അധ്യക്ഷത വഹിച്ച ചടങ്ങില്‍ ട്രാന്‍സ്പ്ലാന്റ് ഗെയിംസിന്റെ വിജയത്തെക്കുറിച്ചും സമൂഹത്തില്‍ സൃഷ്ടിച്ച സ്വാധീനത്തെ കുറിച്ചും ഫൗണ്ടേഷന്‍ കണ്‍വീനര്‍ ഡോ. ജോ ജോസഫ് വിശദീകരിച്ചു. അവയവ മാറ്റിവെക്കല്‍ ശസ്ത്രക്രിയയെ സംബന്ധിച്ച് സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റിധാരണകള്‍ മാറ്റിയെടുക്കുക, അവയവദാതാക്കള്‍ക്കും സ്വീകര്‍ത്താക്കള്‍ക്കും സാധാരണ ജീവിതം നയിക്കാന്‍ സാധിക്കുമെന്നും മറ്റുള്ളവരെ പോലെ കായിക വിനോദങ്ങളില്‍ പങ്കെടുക്കുവാന്‍ കഴിയുമെന്ന സന്ദേശം ജനങ്ങളില്‍ എത്തിക്കുക എന്നീ ലക്ഷ്യത്തോടെയാണ് കേരളത്തില്‍ ആദ്യമായി ട്രാന്‍സ്പ്ലാന്റ് ഗെയിംസ് സംഘടിപ്പിച്ചതെന്ന് ഡോ. ജോ ജോസഫ് പറഞ്ഞു. ചടങ്ങില്‍ ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ സുവനീര്‍ ചീഫ് എഡിറ്റര്‍ കൃഷ്ണ കുമാര്‍, അഡൈ്വസറി ബോര്‍ഡ് അംഗം ഡോ. ഗീവര്‍ സഖറിയ,കെ- സോട്ടോ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ്, കെന്റ് കണ്‍സ്ട്രക്ഷന്‍സ് മാനേജിങ് ഡയറക്ടര്‍ കെ.സി രാജു, ബാബു കുരുവിള, ഹാര്‍ട്ട് കെയര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി രാജു കണ്ണമ്പുഴ എന്നിവര്‍ സംസാരിച്ചു.

error: Content is protected !!