മെഡിക്കൽ – എൻജിനിയറിങ് പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർത്ഥികൾക്കായി വീഡിയോ ക്ലാസുകളും ഇന്ററാക്ടീവ് പോർട്ടലും ഉൾപ്പെടുന്ന ‘ക്രാക് ദ എൻട്രൻസ്’ പരിപാടി കൈറ്റ് വിക്ടേഴ്സ് നടപ്പാക്കുന്നു. ഇതിന്റെ ഭാഗമായി കൈറ്റ് വിക്ടേഴ്‌സിൽ ഇന്ന് (ഏപ്രിൽ 3) രാത്രി 7 മണി മുതൽ ക്ലാസുകൾ സംപ്രേഷണം ചെയ്യും. ഇതോടൊപ്പം കുട്ടികൾക്ക് പരിശീലനത്തിനു entrance.kite.kerala.gov.in എന്ന പ്ലാറ്റ്ഫോമും ഉണ്ടായിരിക്കും. ചോദ്യാവലികൾ, അസൈൻമെന്റുകൾ, മോക് ടെസ്റ്റ് എന്നിവ ഓൺലൈൻ പ്ലാറ്റ്‌ഫോമിലൂടെയായിരിക്കും. ഒരു ചോദ്യത്തിന്റെ ഉത്തരത്തിന് നൽകുന്ന ഓപ്ഷനുകളിലൂടെ മറ്റ് നാല് ആശയങ്ങൾ കൂടി പഠിക്കുന്ന തരത്തിൽ ക്രമീകരിച്ചിട്ടുണ്ട്. പഴയ ചോദ്യപേപ്പറുകളുടെ ഉത്തരങ്ങൾക്കൊപ്പം പാഠഭാഗങ്ങളുമായി ബന്ധപ്പെടുത്തിയാവും അവതരിപ്പിക്കുക.
രാത്രി 7 മണി മുതൽ 11 മണി വരെ യഥാക്രമം കണക്ക്, ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നിങ്ങനെയാണ് ക്ലാസുകൾ. ഇതേ ക്രമത്തിൽ അടുത്ത ദിവസം രാവിലെ 7 മണി മുതൽ 11 മണി വരെയും ഉച്ചയ്ക്ക് 1 മണി മുതൽ 5 മണി വരെയും രണ്ടു തവണ പുനഃസംപ്രേഷണം ഉണ്ടാവും. ഓരോ വിഷയത്തിനും ഒരു മണിക്കൂർ വീതമുള്ള 30 മണിക്കൂർ ക്ലാസുകളാണ് (മൊത്തം 120 മണിക്കൂർ) ടെലികാസ്റ്റ് ചെയ്യുക. ഓരോ ക്ലാസും ടെലികാസ്റ്റ് ചെയ്യുന്നതനുസരിച്ചായിരിക്കും മോക്ക് ടെസ്റ്റും അസൈൻമെന്റും നൽകുക. സ്‌കോർ നോക്കി കുട്ടികൾക്ക് മെച്ചപ്പെടാനുള്ള അവസരം ഉണ്ട്.
കൈറ്റ് വിക്ടേഴ്‌സ് ചാനലിലും യൂട്യൂബിലും പരിപാടികൾ എല്ലാവർക്കും കാണാം. സർക്കാർ-എയിഡഡ് സ്‌കൂളുകളിലെ ഈ വർഷം പ്ലസ് ടു പഠനം പൂർത്തിയാക്കുന്ന വിദ്യാർത്ഥികൾക്ക് അവരുടെ സ്‌കൂൾ അഡ്മിഷൻ നമ്പറും ജനന തീയതിയും നൽകി പോർട്ടൽ ഉപയോഗിക്കാമെന്ന് കൈറ്റ് സി.ഇ.ഒ കെ.അൻവർ സാദത്ത് അറിയിച്ചു.