വയനാട്ടിൽ എടിഎം കൗണ്ടറിനുള്ളിൽനിന്ന് മൂർഖൻപാമ്പിനെ പിടികൂടി. പെരിക്കല്ലൂർ ടൗണിൽ സെന്റ് തോമസ് ക്‌നാനായ പള്ളിയുടെ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന കനറാ ബാങ്കിന്റെ എടിഎമ്മിൽനിന്നാണ് പാമ്പിനെ പിടികൂടിയത്.
പെരിക്കല്ലൂർ സ്വദേശി ഷൈജു ഒഴുകയിൽ പണം എടുക്കാനായി എടിഎമ്മിൽ എത്തിയപ്പോഴാണ് മൂർഖൻ പാമ്പിനെ കണ്ടത്. ഷൈജു കാർഡിട്ട് നമ്പർ ഡയൽ ചെയ്യുമ്പോഴാണ് എടിഎം മെഷീന് പിന്നിലായി കിടന്ന പാമ്പ് പത്തിവിടർത്തി ചീറ്റിയത്. ഷൈജു ഉടൽ വാതിൽ തുറന്ന് പുറത്തു ചാടിയശേഷം വാതിലടച്ചു. വിവരം അറിയിച്ചതിനെ തുടർന്ന് വനം ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പാമ്പിനെ പിടികൂടി വനത്തിൽ വിട്ടു. എ ടി എം കൗണ്ടറിന്റെ വാതിൽ തുറന്നുകിടന്നതുകൊണ്ടാണ് പാമ്പ് അകത്തുകടന്നതെന്നാണ് വനപാലകർ പറഞ്ഞത്. കടുത്ത വേനൽ മൂലം ഇഴജന്തുക്കൾ തണുപ്പുള്ള സ്ഥലങ്ങൾ തേടി പോകുന്നതാണ് ഇതിന് കാരണമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു.