ഒമാനിലെ നിസ്‌വയിൽ നടന്ന വാഹനാപകടത്തിൽ രണ്ട് മലയാളി നഴ്‌സുമാർ ഉൾപ്പടെ മൂന്നുപേർ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. വ്യാഴം ഉച്ചയ്ക്ക്‌ മൂന്നോടെ മസ്‌കത്ത് ഇബ്രി ഹൈവേയിലാണ് അപകടം നടന്നത്. കൊല്ലം കൊട്ടിയം സ്വദേശി മാജിദ രതീഷ്, ഇരിങ്ങാലക്കുട സ്വദേശി ഷർജ, ഈജിപ്ത്‌ സ്വദേശി അമാന എന്നിവരാണ്‌ അപകടത്തിൽ മരിച്ചത്‌. ഈജിപ്ഷ്യൻ സ്വദേശിനിയാണ് മരിച്ച മറ്റൊരാൾ.

നിസ്‌വ ആശുപത്രിയിൽനിന്ന് ജോലി കഴിഞ്ഞ്‌ താമസസ്ഥലത്തേക്ക് നടന്നുപോവുകയായിരുന്ന നഴ്‌സുമാരാണ് അപകടത്തിൽപ്പെട്ടത്. റോഡ്‌ മുറിച്ചുകടന്ന് മറുഭാഗത്തേക്ക് പോകാൻ കാത്തുനിൽക്കുകയായിരുന്ന ഇവരുടെ മേലേക്ക്‌ വാഹനം ഇടിച്ചുകയറുകയായിരുന്നു. ഉടൻ സമീപത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. പരിക്കേറ്റ രണ്ടുപേരും മലയാളികളാണ്.