
കൊച്ചി: ജയിന്‍ യൂണിവേഴ്‌സിറ്റിയുടെ കൊച്ചി ക്യാമ്പസില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ ഒത്തുകൂടിയപ്പോള്‍ ക്യാന്‍വാസില്‍ പിറന്നത് അതിമനോഹര ചിത്രങ്ങള്‍. ജയിന്‍ യൂണിവേഴ്സിറ്റിയുടെ കീഴില്‍ ബാംഗ്ലൂര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ശാന്തമണി കലാകേന്ദ്രയുടെ ആഭിമുഖ്യത്തില്‍ കൊച്ചി ക്യാമ്പസില്‍ കഴിഞ്ഞ രണ്ടുദിവസമായി നടന്ന ദേശിയ പെയിന്റിങ് ശില്‍പശാലയിലാണ് 25 ഓളം കലാകാരന്മാര്‍ പങ്കെടുത്തത്. സമാപന ദിവസമായ ബുധനാഴ്ച്ചയാണ് കലാകാരന്മാരുടെ പെയിന്റിങ് പ്രദര്‍ശനം നടന്നത്.
ഗുജറാത്ത്, ഒറീസ, മഹാരാഷ്ട്ര, അസം, രാജസ്ഥാന്‍, കശ്മീര്‍, ഗോവ എന്നിവടങ്ങളില്‍ നിന്നുള്ള കലാകാരന്മാരുടെ സര്‍ഗാത്മക സൃഷ്ടികള്‍ വേറിട്ട അനുഭവമായിരുന്നു കാഴ്ച്ചക്കാര്‍ക്ക് സമ്മാനിച്ചത്. വിവിധ സംസ്‌കാരത്തില്‍ ജീവിക്കുന്നവരുടെ വ്യത്യസ്തമായ കാഴ്ച്ചപ്പാടുകളും ആശയങ്ങളുമായിരുന്നു ഓരോ ചിത്രങ്ങളിലും പ്രതിഫലിച്ചത്.
അന്താരാഷ്ട്രതലത്തില്‍ ശ്രദ്ധനേടിയ യുവ ചിത്രകലാകാരന്‍ അതുല്‍ പാണ്ഡ്യ,അശോക് ഖാന്റ്, കമലേഷ് സോണിജി, ഫാലു പട്ടേല്‍, നിഷ നിര്‍മ്മല്‍, ശ്രദ്ധ ജാഥവ്, ലളിത സൂര്യനാരായണ തുടങ്ങിയവരുടെ വ്യത്യസ്ത പെയിന്റിങ്ങും പ്രദര്‍ശനത്തെ ശ്രദ്ധേയമാക്കി.
വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള കലാകാരന്മാര്‍ക്ക് സൃഷ്ടികള്‍ പ്രദര്‍ശിപ്പിക്കാനും ആശയവിനിമയം നടത്തുവാനും വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെയാണ് രണ്ടുദിവസത്തെ ശില്‍പ്പശാലയും പ്രദര്‍ശനവും സംഘടിപ്പിച്ചത്.
ഇന്നവേഷന്‍, ക്രിട്ടിക്കല്‍ തിങ്കിങ്, നവീകരണം എന്നിവ പ്രോത്സാഹിപ്പിക്കുന്നതില്‍ കലയുടെ പ്രാധാന്യം വലുതാണെന്ന് ജയിന്‍ ഡീംഡ് ടുബി യൂണിവേഴ്സിറ്റി ആര്‍ട്ട് ആന്‍ഡ് ഡിസൈന്‍ ഡീന്‍ ഡോ. അവിനാഷ് കേറ്റ് ഉദ്ഘാടന യോഗത്തില്‍ പറഞ്ഞു. ഇത്തരം പ്രോഗ്രാമുകള്‍ സംഘടിപ്പിക്കുന്നതിലൂടെ നമ്മുടെ സാംസ്‌കാരിക പൈതൃകത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് രാജ്യ പുരോഗതിക്കായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന രീതിയില്‍ വ്യക്തികളെ സ്വയംപര്യാപ്തമാക്കുവാന്‍ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടന യോഗത്തില്‍ ജയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി പ്രൊ വൈസ് ചാന്‍സിലര്‍ ഡോ. ജെ.ലത,ജയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി എക്‌സാമിനേഷന്‍ ജോയിന്റ് കണ്‍ട്രോളര്‍ ഡോ. കെ. മധുകുമാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
ബാംഗ്ലൂള്‍ ആസ്ഥാനമായി കഴിഞ്ഞ 30 വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന ജെയിന്‍ ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ കീഴിലുള്ള 85-ലേറെ സ്ഥാപനങ്ങളില്‍ ഒന്നാണ് ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി. നാക്ക് എ ഡബിള്‍ പ്ലസ് (NAAC A ++) അംഗീകാരവും യുജിസിയുടെ കാറ്റഗറി വണ്‍ ഗ്രേഡഡ് ഓട്ടോണമിയുമുള്ള രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒന്നാണ് ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി. തുടര്‍ച്ചയായി നാഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ഫ്രെയിം വര്‍ക്കില്‍ ആദ്യ നൂറില്‍ ജയിന്‍ ഇടം നേടിയിട്ടുണ്ട്.




