ബോട്ട് ഇലക്‌ട്രാണിക്‌സ്‌ കമ്പനിയുടെ 17 ലക്ഷം ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ന്നതായി ഫോര്‍ബ്‌സ് ഇന്ത്യ റിപ്പോര്‍ട്ട്‌. അവ ഡാര്‍ക്ക് വെബ്ബില്‍ വില്‍പനയ്ക്കുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വ്യക്തികളുടെ പേര്, വിലാസം, ഫോണ്‍ നമ്പര്‍, ഇമെയില്‍ ഐഡി, കസ്റ്റമര്‍ ഐഡി ഉള്‍പ്പടെയുള്ള വിവരങ്ങളാണ് ഡാര്‍ക്ക് വെബ്ബില്‍ വില്‍പനയ്ക്ക്‌ വെച്ചിരിക്കുന്നത്‌. ‘ഷോപ്പിഫൈ ഗയ്’ എന്ന ഹാക്കറാണ് ഇതിനു പിന്നിലെന്നും ഏപ്രില്‍ അഞ്ചിന് വിവരങ്ങള്‍ ചോര്‍ത്തി അവ ഡാര്‍ക്ക് വെബ്ബില്‍ വില്‍പനയ്ക്ക് വെക്കുകയായിരുന്നെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.

ഡാറ്റയില്‍ നിന്ന് ചിലരെ ബന്ധപ്പെട്ട് അവര്‍ അടുത്തിടെ ബോട്ട് ഉത്പന്നം വാങ്ങിയിരുന്നതായി സ്ഥിരീകരിച്ചതിന് ശേഷമാണ് വാര്‍ത്ത നല്‍കിയത്. വാർത്തയോട്‌ ബോട്ട് ഇതുവരെ പ്രതികരിച്ചിട്ടില്ല. അമന്‍ ഗുപ്തയും സമീര്‍ മേത്തയും ചേര്‍ന്ന് 2016 ല്‍ തുടക്കമിട്ട കമ്പനിയാണ് ബോട്ട്. ഇത്തരം ഡാറ്റ ഉപയോഗിച്ചാണ് തട്ടിപ്പുകാർ ഫോണുവഴിയും ഇമെയില്‍ വഴിയെല്ലാം ബന്ധപ്പെടുന്നത്. ബോട്ടിന്റെ സ്മാര്‍ട് വാച്ചുകള്‍, സ്പീക്കറുകള്‍, ഇയര്‍ഫോണുകള്‍ എന്നിവയ്‌ക്ക്‌ വൻ ആരാധകരാണ്‌ ഉളളത്‌.

ദശലക്ഷക്കണക്കിന് ഇന്ത്യക്കാരുടെ വിവരങ്ങൾ ആധാർ നമ്പറുകൾ ഉൾപ്പെടെ ഡാർക്ക് വെബ് ഫോറങ്ങളിൽ വിൽക്കപ്പെടുന്ന സംഭവങ്ങൾ മുമ്പും റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്‌. ഡാറ്റാ ലംഘനങ്ങളെക്കുറിച്ച് കമ്പനികൾ റിപ്പോർട്ടുചെയ്യുന്നതിൽ ഇന്ത്യ പിന്നിലാണെന്ന് ഈ ലംഘനം എടുത്തുകാണിക്കുന്നു. ലോകമെമ്പാടുമുള്ള മറ്റ് പല രാജ്യങ്ങളിലും ഡാറ്റാ ലംഘനമുണ്ടായാൽ, ടെക് കമ്പനികൾ അവരുടെ ഉപഭോക്താക്കളെ അറിയിക്കാൻ ബാധ്യസ്ഥരാണ്.