വോട്ടര്‍മാര്‍ക്ക് തിരഞ്ഞെടുപ്പ് സംബന്ധിച്ച സേവനങ്ങളും വിവരങ്ങളും നല്കാൻ വോട്ടര്‍ ഹെല്‍പ് ലൈന്‍ മൊബൈൽ ആപ്ലിക്കേഷൻ പ്രയോജനപ്പെടുത്താം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഡൈനാമിക് പോര്‍ട്ടലില്‍ നിന്നും തല്‍സമയ ഡാറ്റയാണ് ഈ ആപ്പ് വഴി ലഭിക്കുന്നത്. വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനും വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പ് വഴി സാധിക്കും.

പട്ടികയില്‍ പേര് തിരയുക, എഡിറ്റ് ചെയ്യുക എന്നീ സേവനങ്ങൾ കൂടാതെ ഡിജിറ്റല്‍ ഫോട്ടോ വോട്ടര്‍ സ്ലിപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാനും, പരാതികള്‍ നല്‍കാനും ഈ ആപ്പിലൂടെ സാധിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നോ ആപ്പിള്‍ ആപ് സ്റ്റോറില്‍ നിന്നോ വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ് ഡൗണ്‍ലോഡ് ചെയ്ത ശേഷം ഫോണില്‍വരുന്ന ഒ.ടി.പി ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം. തുടര്‍ന്ന് വ്യക്തിഗത വിവരങ്ങള്‍, ഫോണ്‍, ഇ മെയില്‍ , ജനനത്തീയതി, വിലാസം, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ തുടങ്ങിയവ അപ്‍ലോഡ് ചെയ്ത് വോട്ടറായി പേര് രജിസ്റ്റര്‍ ചെയ്യാം.

ആപ്ലിക്കേഷനില്‍ ലഭിക്കുന്ന പ്രധാന സേവനങ്ങള്‍

* വോട്ടര്‍ പട്ടിക തിരയല്‍ (വിശദാംശങ്ങള്‍ പ്രകാരം അല്ലെങ്കില്‍ തിരിച്ചറിയല്‍ കാര്‍ഡ് നമ്പര്‍ ഉപയോഗിച്ച് )

* പുതിയ വോട്ടര്‍ രജിസ്‌ട്രേഷനായി തിരഞ്ഞെടുപ്പ് ഫോമുകള്‍ പൂരിപ്പിക്കല്‍, മറ്റൊരു നിയോജക മണ്ഡലത്തിലേക്ക് പേര് മാറ്റൽ, ഓവര്‍സീസ് വോട്ടര്‍മാര്‍ക്കുള്ള സേവനങ്ങള്‍, വോട്ടര്‍ പട്ടികയില്‍ നിന്നും നീക്കം ചെയ്യല്‍ അല്ലെങ്കില്‍ എതിര്‍പ്പ് പ്രകടിപ്പിക്കല്‍, എന്‍ട്രികളുടെ തിരുത്തല്‍, നിയമസഭാ മണ്ഡലത്തിനുള്ളില്‍ തന്നെ ട്രാന്‍സ്പൊസിഷന്‍ ചെയ്യല്‍ എന്നിവ ഈ ആപ്പിലൂടെ സാധിക്കും.

* തിരഞ്ഞെടുപ്പ് സേവനവുമായി ബന്ധപ്പെട്ട പരാതികള്‍ രജിസ്റ്റര്‍ ചെയ്യാനും സ്ഥിതിവിവരം അറിയാനും സാധിക്കും.

* സ്ഥാനാർഥികളുടെ വിവരം അറിയുന്നതിന്

* വോട്ടര്‍മാര്‍ക്കുള്ള മറ്റ് അത്യാവശ്യ സേവനങ്ങളും ആപ്ലിക്കേഷനില്‍ ലഭ്യമാണ്