തിരുവനന്തപുരം: വർഷങ്ങളുടെ കാത്തിരിപ്പുകൾക്കൊടുവിൽ വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം യാഥാർത്ഥ്യമാകുന്നു. ഓണത്തിനോടനുബന്ധിച്ച് തുറമുഖത്തിന്റെ ഉദ്ഘാടനം നിർവഹിക്കാനാണ് തീരുമാനം. അതേസമയം, ട്രയൽ റൺ മേയ് മാസം മുതൽ ആരംഭിക്കുന്നതാണ്. തുറമുഖം വൈകിയതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരുമായി നടത്തിവന്ന ആർബിട്രേഷൻ നടപടികൾ ഒത്തുതീർപ്പായിട്ടുണ്ടെന്ന് അദാനി ഗ്രൂപ്പ് ഇതിനോടകം അറിയിച്ചിട്ടുണ്ട്. നേരത്തെ ഡിസംബർ മാസത്തിൽ വിഴിഞ്ഞം തുറമുഖത്തിന്റെ ഉദ്ഘാടനം നടത്താനായിരുന്നു തീരുമാനിച്ചത്. എന്നാൽ, വിവിധ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ പൂർത്തീകരിക്കുന്ന സാഹചര്യത്തിൽ സെപ്റ്റംബർ മാസത്തോടെ തന്നെ തുറമുഖം ഉദ്ഘാടനത്തിന് സജ്ജമാകും.
വിഴിഞ്ഞത്ത് നിന്ന് പ്രവർത്തനം തുടങ്ങാൻ പ്രമുഖ രാജ്യാന്തര ഷിപ്പിംഗ് കമ്പനികളുമായുള്ള ചർച്ച അന്തിമ ഘട്ടത്തിലാണ്. മേയ്- ജൂൺ മാസങ്ങളിൽ തുറമുഖത്തിന്‍റെ ട്രയൽ റൺ നടക്കും. ബാർജിൽ 30 കണ്ടെയ്നറുകൾ എത്തിച്ചാകും തുറമുഖത്തിന്റെ പ്രവർത്തനക്ഷമത പരിശോധിക്കുന്നത്. തുറമുഖത്തിന്‍റെ രണ്ടും മൂന്നും ഘട്ടങ്ങളുടെ നിർമ്മാണ പ്രവർത്തനം 2028 ൽ പൂർത്തിയാക്കും. 10,000 കോടി രൂപയാണ് അദാനി ഗ്രൂപ്പ് ഇതിനായി നിക്ഷേപിക്കുന്നത്. തുറമുഖത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന റോഡിനായി 34 സെന്റ് സ്ഥലം കൂടി ഏറ്റെടുക്കാൻ ഉണ്ട്. ഇത് ഉടൻ പൂർത്തിയാകുമെന്ന് സ്ഥാനമൊഴിയുന്ന സിഇഒ രാജേഷ് ത്സാ വ്യക്തമാക്കി.