
കേരള സംസ്ഥാന യുവജന കമ്മീഷൻ 2023-24 വർഷത്തെ യൂത്ത് ഐക്കൺ അവാർഡുകൾ പ്രഖ്യാപിച്ചു. വിവിധ സാമൂഹിക മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച യുവജനങ്ങൾക്കാണ് കമ്മീഷൻ അവാർഡ് നൽകുന്നത്. കല/സാംസ്‌കാരികം, കായികം, സാഹിത്യം, കാർഷികം, വ്യവസായ സംരംഭകത്വം, സാമൂഹിക സേവനം തുടങ്ങിയ മേഖലകളിൽ നിറസാന്നിദ്ധ്യമാവുകയും വ്യത്യസ്തവും മാതൃകാപരവുമായ ഇടപെടലുകളാൽ സമൂഹത്തിനാകെ പുതുവെളിച്ചമുണ്ടാക്കുകയും ചെയ്ത യുവജനങ്ങളെയാണ് കമ്മീഷൻ നിയോഗിച്ച പ്രത്യേക ജൂറി അവാർഡിനായി തിരഞ്ഞെടുത്തത്.
യുവ സംവിധായകനും തിരക്കഥാകൃത്തും അഭിനേതാവുമായ ബേസിൽ ജോസഫാണ് കല/സാംസ്‌കാരികം മേഖലയിൽനിന്ന് അവാർഡിനർഹനായത്. ലോംഗ് ജമ്പ് താരവും ഏഷ്യൻ ഗെയിംസ് വെള്ളി മെഡൽ ജേതാവുമായ ആൻസി സോജനാണ് കായികരംഗത്തു നിന്ന് അവാർഡിനർഹയായത്. യുവ കഥാകൃത്തുക്കളിൽ ശ്രദ്ധേയനായ കെ. അഖിലിനാണ് സാഹിത്യത്തിലുള്ള യൂത്ത് ഐക്കൺ പുരസ്‌കാരം.
12 വർഷമായി മത്സ്യകൃഷിയിൽ നിരന്തര പരിശ്രമം നടത്തി സ്വയം വിപുലീകരിച്ചും മാതൃക കർഷകനായി മാറിയ അശ്വിൻ പരവൂരാണ് കാർഷികരംഗത്തു നിന്ന് അവാർഡിനർഹനായത്. വ്യവസായം/സംരഭകത്വം മേഖലയിൽ കേരളത്തിലെ ശ്രദ്ധേയനായ യുവ സംരംഭകനായ സജീഷ് കെ.വി. അവാർഡിനർഹയായി. കേരളത്തിൽ ലോകോത്തര നിലവാരമുള്ള സർജിക്കൽ ഉപകരണങ്ങൾ ഉല്പാദിപ്പിക്കുന്ന നിർമ്മാണ യൂണിറ്റ് സ്ഥാപിച്ചതോടെയാണ് വ്യാവസായിക രംഗത്ത് സജീഷ് തന്റെ പ്രാവീണ്യം തെളിയിച്ചത്. സാമൂഹിക സേവന മേഖലയിൽ നിന്നും യൂത്ത് ഐക്കണായി ശ്രീനാഥ് ഗോപിനാഥിനെ തിരഞ്ഞെടുത്തു. സൈബർ സുരക്ഷാ മേഖലയിൽ ഈ വർഷത്തെ ഇന്ത്യൻ ഐക്കൺ അവാർഡ് നേടിയ ടെക് ബൈ ഹാർട്ടിന്റെ ചെയർമാനാണ് ശ്രീനാഥ് ഗോപിനാഥൻ.

