
സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിചെയ്യുന്ന സ്ത്രീകളുടെ സേവന-വേതന വ്യവസ്ഥകള്‍ കൃത്യമായി പാലിക്കുന്നില്ലെന്നു ശ്രദ്ധയില്‍പ്പെട്ടതായി വനിതാ കമ്മിഷന്‍ അംഗം അഡ്വ. ഇന്ദിരാ രവീന്ദ്രന്‍ പറഞ്ഞു. ആശ്രാമം സര്‍ക്കാര്‍ അതിഥിമന്ദിരത്തില്‍ നടത്തിയ ജില്ലാതല അദാലത്തിലാണ് പരാമര്‍ശം.
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അകാരണമായി അധ്യാപകരെ പിരിച്ചുവിടുന്നു. അവരുടെ സേവന-വേതന വ്യവസ്ഥകള്‍ ഉറപ്പാക്കുന്നതിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളും. അംഗപരിമിതരായ സ്ത്രീകള്‍ക്ക്‌നേരെ ശാരീരിക-സാമ്പത്തിക ചൂഷണങ്ങളുമുണ്ട്. ഇതിനെതിരെ ആവശ്യമായ ഇടപെടലുകള്‍ ഉറപ്പാക്കും. ഗാര്‍ഹികപീഡന പരാതിയില്‍ ഉള്‍പ്പെട്ട ശേഷം വിദേശത്തേക്ക് കടന്നുകളയുന്ന പ്രവണതയും വര്‍ധിച്ചുവരുന്നു. ഇങ്ങനെയുള്ളവര്‍ക്കെതിരേ നോര്‍ക്ക മുഖേന തുടര്‍നടപടികള്‍ സ്വീകരിക്കും. ജാഗ്രതാസമിതിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി പ്രത്യേക പരിശീലനപരിപാടികള്‍ സ്ഥിരമായി നല്‍കിവരികയാണെന്നും കമ്മിഷന്‍ അംഗം പറഞ്ഞു.
26 കേസുകള്‍ തീര്‍പ്പാക്കി. രണ്ടെണ്ണം റിപ്പോര്‍ട്ടിനായി അയച്ചു. 51 കേസുകള്‍ അടുത്ത സിറ്റിംഗില്‍ പരിഗണിക്കും. വനിതാ കമ്മിഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജോസ് കുര്യന്‍, അഭിഭാഷകരായ ഹേമ ശങ്കര്‍, ബെച്ചി കൃഷ്ണ, സീനത്ത്, കൗണ്‍സിലര്‍ സംഗീത തുടങ്ങിയവര്‍ പങ്കെടുത്തു.



