
പ്രതീക്ഷയുടെ നാമ്പുമായി കേരളത്തിൽ ക്രൂഡോയിൽ പര്യവേക്ഷണത്തിന് തയ്യാറെടുത്ത് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഓയിൽ ഇന്ത്യ ലിമിറ്റഡ്. കൊല്ലം ജില്ലയിലെ ആഴക്കടലിലാണ് പര്യവേക്ഷണം നടത്തുക. ആഴക്കടലിലെ ക്രൂഡോയിൽ അടക്കമുള്ള ദ്രവ-വാതക-ഇന്ധന പര്യവേക്ഷണത്തിന് 1252 കോടി രൂപയുടെ കരാറിലാണ് ഒപ്പുവെച്ചിരിക്കുന്നത്. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ കമ്പനിയായ ഡോൾഫിൻ ഡ്രില്ലിംഗ് എഎസുമായിട്ടാണ്
കരാർ.
കൊല്ലം തീരത്തു നിന്ന് 26 നോട്ടിക്കൽ മൈൽ അകലെയാണ് പര്യവേക്ഷണം നടത്തുക. ഇതിനുള്ള കൂറ്റൻ കിണറുകളുടെ നിർമ്മാണം ഉടൻ ആരംഭിക്കുന്നതാണ്. ഈ വർഷം പകുതിയോടെ പര്യവേഷണം നടത്താനാണ് അധികൃതരുടെ തീരുമാനം. കരാറെടുത്ത കമ്പനി കടലിൽ 5.5 കിലോമീറ്റർ വരെ ആഴത്തിൽ ഖനനം ചെയ്യാനുള്ള ഡ്രില്ലുകൾ, റിഗ്ഗുകൾ തുടങ്ങിയവ എത്തിക്കുന്നതാണ്.
ആന്ധ്രയിലെ അമലാപുരം, കേരള-കൊങ്കൺ കടൽ മേഖലകളായി ആകെ 93.902 ചതുരശ്ര കിലോമീറ്റർ പ്രദേശത്തെ നാല് ബ്ലോക്കുകളിലായി ഇന്ധന പര്യവേക്ഷണത്തിന് രാജ്യത്തെ രണ്ടാമത്തെ വലിയ എണ്ണക്കമ്പനിയായ ഓയിൽ ഇന്ത്യയ്‌ക്ക് കേന്ദ്ര പെട്രോളിയം-പ്രകൃതി വാതക മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. അതേസമയം, അമലാപുരം മേഖലയിൽ 64.547 ചതുരശ്ര കിലോമീറ്ററും കേരള-കൊങ്കൺ മേഖലയിൽ 29.355 ചതുരശ്ര കിലോമീറ്ററിലും പ്രാരംഭ നടപടികൾ നേരത്തെ ഇതിനകം പൂർത്തിയാക്കിയിട്ടുണ്ട്.




