കോഴിക്കോട് പയ്യോളിയിൽ അച്ഛനും രണ്ടു പെൺ മക്കളെയും മരിച്ച നിലയിൽ കണ്ടെത്തി. പതിനഞ്ചും 12ഉം വയസുള്ള പെണ്‍മക്കളെ വീടിനുള്ളിലും അച്ഛനെ റെയില്‍വെ ട്രാക്കിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയിരിക്കുന്നത്. അയനിക്കാട് സ്വദേശി സുമേഷ് (42) നെ ആണ് വീടിന് അടുത്തുള്ള റെയില്‍വെ ട്രാക്കില്‍ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. സുമേഷിന്‍റെ മക്കളായ മക്കളായ ഗോപിക (15), ജ്യോതിക (12) എന്നിവരെ വീട്ടിനുള്ളിൽ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിഷം ഉള്ളിൽ ചെന്നാണ് കുട്ടികള്‍ മരിച്ചതെന്നാണ് പ്രാഥമിക നിഗമനം.

സുമേഷിന്‍റെ ഭാര്യ നാലു വർഷം മുമ്പ് കോവിഡ് ബാധിച്ച് മരിച്ചിരുന്നു. പോലീസ് തുടര്‍ നടപടികള്‍ സ്വീകരിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്കുശേഷം മൃതദേഹങ്ങള്‍ പോസ്റ്റ്‍മോര്‍ട്ടത്തിനായി കൊണ്ടുപോകും. കുട്ടികളുടെ മരണ കാരണം സംബന്ധിച്ച് പോസ്റ്റ്‍മോര്‍ട്ടത്തിനു ശേഷം മാത്രമേ അറിയാനാവൂ. വ്യാഴാഴ്ച രാവിലെ 8 മണിയോടെയാണ് സുമേഷിനെ മരിച്ച നിലയില്‍ റെയിൽ വേ ട്രാക്കിൽ കണ്ടെത്തിയത്. സുമേഷിന്‍റെ മരണ വിവരം അറിയിക്കാൻ നാട്ടുകാര്‍ വീട്ടിലെത്തുമ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു. വീടിനുള്ളില്‍ ഫാൻ ഉള്‍പ്പെടെ പ്രവര്‍ത്തിക്കുന്നത് കണ്ട നാട്ടുകാർ,സുമേഷിന്‍റെ അനുജന്‍റെ വീട്ടിലെത്തി വിവരം അറിയിക്കുകയായിരുന്നു.

പിന്നീട് വാതില്‍ തുറന്ന് പരിശോധിച്ചപ്പോഴാണ് പെണ്‍കുട്ടികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വിദേശത്തായിരുന്ന സുമേഷ് ഭാര്യ മരിച്ചശേഷം തിരിച്ചുപോയിരുന്നില്ല. സാമ്പത്തിക പ്രശ്നങ്ങളൊന്നും ഇവര്‍ക്ക് ഇല്ലായിരുന്നു. എന്താണ് മരണ കാരണമെന്ന് അറിയില്ലെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. പത്താംതരം വിദ്യാര്‍ത്ഥിനിയാണ് ഗോപിക. അനുജത്തി ജ്യോതിക എട്ടാം തരം വിദ്യാര്‍ത്ഥിനിയാണ്.