
സർക്കാർ രംഗത്തെ ഐ.ടി സംരംഭങ്ങൾക്കുള്ള 2024 ലെ ടെക്‌നോളജി ‘സഭ അവാർഡ്’ പൊതുവിദ്യാഭ്യാസ വകുപ്പിലെ കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എഡ്യുക്കേഷന് (കൈറ്റ്) ലഭിച്ചു. ലിറ്റിൽ കൈറ്റ്‌സ് ഐ.ടി ക്ലബുകളിലൂടെ 2000 സ്‌കൂളുകളിൽ 9000 റോബോട്ടിക് കിറ്റുകളിലൂടെ നടപ്പാക്കുന്ന റോബോട്ടിക്‌സ്/ എ.ഐ പഠന പദ്ധതിയ്ക്കാണ് ‘ഐ.ഒ.ടി’ വിഭാഗത്തിൽ സമ്മാനം. കൊൽക്കത്തയിലെ ഒബ്‌റോയ് ഗ്രാന്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ കൈറ്റ് സി.ഇ.ഒ കെ.അൻവർ സാദത്ത് അവാർഡ് ഏറ്റുവാങ്ങി.
ഓപൺ ഹാർഡ്‌വെയർ ഉപയോഗിച്ച് ആദ്യം ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങളായ 1.80 ലക്ഷം കുട്ടികൾക്കും തുടർന്ന് 12 ലക്ഷം കുട്ടികൾക്കും ഐ.ഒ.ടി/ റോബോട്ടിക്‌സ്/ എ.ഐ മേഖലയിൽ പ്രത്യേക പരിശീലനം നൽകുന്ന പദ്ധതിയാണിത്. അടുത്ത അദ്ധ്യയന വർഷം 12000 റോബോട്ടിക് കിറ്റുകൾ പൊതുവിദ്യാലയങ്ങളിൽ ലഭ്യമാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചിട്ടുണ്ട്



