
ഉഷ്ണതരംഗം, സൂര്യാഘാതം എന്നിവയുടെ സാധ്യത മുൻനിർത്തി സംസ്ഥാനത്തെ എല്ലാ സ്ഥലങ്ങളിലും തണ്ണീർപന്തലുകൾ ഒരുക്കാൻ സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ നിർദ്ദേശിച്ചു.
മുഖ്യമന്ത്രിയുടെ നിർദ്ദേശാനുസരണം കഴിഞ്ഞ വർഷം സഹകരണ മേഖലയിൽ തണ്ണീർ പന്തലുകൾ ഒരുക്കിയിരുന്നു. എന്നാൽ ഇത്തവണ പല മേഖലയിലും ചൂട് ഇപ്പോൾ തന്നെ വളരെ കൂടിയിരിക്കുകയാണ് അതിനാൽ ജനങ്ങൾക്ക് സൗകര്യങ്ങൾ ഒരുക്കുന്നതിനായി സഹകരണവകുപ്പ് ഈ ഉത്തരവാദിത്വം ഏറ്റെടുക്കുകയാണന്ന് സഹകരണ മന്ത്രി അറിയിച്ചു.
എല്ലാ ബാങ്കുകളും അവരുടെ മേഖലയിലെ പൊതു ഇടങ്ങളിലും , വ്യാപാര തെരുവുകളിലും ആവശ്യാനുസരണം ‘തണ്ണീർ പന്തലുകൾ’ ആരംഭിക്കുവനാണ് നിർദ്ദേശിച്ചിരിക്കുന്നത്. സംസ്ഥാനം ഇതുവരെ അഭിമുഖീകരിക്കാത്ത അത്യുഷ്ണമാണ് അനുഭവിക്കുന്നത്. കൊവിഡ് കാലത്തും പ്രളയകാലത്തും ജനങ്ങളെ സഹായിക്കാൻ സഹകരണപ്രസ്ഥാനങ്ങൾ മുൻനിരയിൽ ഉണ്ടായിരുന്നു. അതേ രീതിയിൽ സാമൂഹിക ഉത്തരവാദിത്വം എന്ന നിലയിൽ ഇതിന്റെ ഭാഗമാവുന്നത്. വേനൽ അവസാനിക്കുന്ന സമയം വരെ തണ്ണീർ പന്തലുകൾ നിലനിർത്തണം.
തണ്ണീർപ്പന്തലുകളിൽ സംഭാരം, തണ്ണിമത്തൻ ജ്യൂസ് തണുത്ത വെള്ളം, അത്യാവശ്യം ഒആർഎസ് എന്നിവ കരുതണം. പൊതുജനങ്ങൾക്ക് ഇത്തരം ‘തണ്ണീർ പന്തലുകൾ’ എവിടെയാണ് എന്ന അറിയിപ്പും നൽകണം. ഇവയ്ക്കായി പൊതു കെട്ടിടങ്ങൾ, സുമനസ്‌കർ നൽകുന്ന കെട്ടിടങ്ങൾ എന്നിവ ഉപയോഗിക്കാം. അടുത്ത 15 ദിവസത്തിനുള്ളിൽ ഇതു നടപ്പാക്കുവാനാണ് മന്ത്രി നിർദേശം നൽകിയിരിക്കുന്നത്.



