ന്യൂഡൽഹി: മദ്യപിച്ച് വിമാനം പറത്തിയ പൈലറ്റിനെ എയർ ഇന്ത്യ പുറത്താക്കി. കഴിഞ്ഞ ആഴ്ച ഫുക്കറ്റിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനം പറത്തിയ പൈലറ്റിന് എതിരെയാണ് എയർ ഇന്ത്യയുടെ നടപടി. നിയലംഘനം നടത്തിയത്തിന് പൈലറ്റിനെതിരെ എഫ്‌ഐആർ ഫയൽ ചെയ്യാനുള്ള നടപടികൾ എയർ ഇന്ത്യ സ്വീകരിച്ചു വരികയാണെന്ന് അധികൃതർ അറിയിച്ചു.

വിമാന സർവീസ് നടത്തിയ ശേഷമുള്ള ബ്രീത്ത് അനലൈസർ ടെസ്റ്റിലാണ് പൈലറ്റ് മദ്യപിച്ചിരുന്നതായി തെളിഞ്ഞത്. 2023ലെ ആദ്യത്തെ ആറ് മാസം 33 പൈലറ്റുമാരും 97 ക്യാബിൻ ക്രൂ അംഗങ്ങളും ബ്രീത്ത്​ലൈസർ ടെസ്റ്റിൽ പരാജയപ്പെട്ടതായാണ് കണക്ക്.

ബ്രീത്ത്​ലൈസർ ടെസ്റ്റിൽ പരാജയപ്പെട്ടാൽ ആദ്യം മൂന്ന് മാസത്തേക്കാണ് ലൈസൻസ് സസ്പെൻഡ് ചെയ്യുക. രണ്ടാം വട്ടം പരിശോധനയിൽ പിടിക്കപ്പെട്ടാൽ മൂന്ന് വർഷത്തേയ്ക്ക് ലൈസൻസ് സസ്പെൻഡ് ചെയ്യുകയും മൂന്നാം വട്ടം പിടിക്കപ്പെട്ടാൽ ലൈസൻസ് റദ്ദാക്കുകയും ചെയ്യും.