
യേശുവിന്റെ കുരിശുമരണത്തിന്റെ ഓര്‍മ്മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ദുഃഖ വെള്ളി ആചരിക്കുന്നു.
യേശുക്രിസ്തുവിന്റെ കുരിശുമരണത്തെ അനുസ്മരിക്കുന്ന ദിനമാണ് ദുഃഖവെള്ളി. ക്രൈസ്തവ വിശ്വാസികള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ട മതപരമായ ചടങ്ങുകളിലൊന്നായി ദുഃഖവെള്ളിയാഴ്ച കണക്കാക്കപ്പെടുന്നു. ഓശാന ഞായറിലൂടെ ആരംഭിച്ച് പെസഹാ വ്യാഴവും ദുഃഖവെള്ളിയും ദുഃഖശനിയും കഴിഞ്ഞ് ഈസ്റ്റര്‍ ഞായറാഴ്ചയോടെയാണ് വലിയ നോയമ്പിന് അവസാനം കുറിക്കുന്നത്. ദൈവപുത്രന്‍ മരണം വരിച്ച ദിനമാണ് ദുഃഖവെള്ളി. പ്രാര്‍ത്ഥനയുടേയും ഉപവാസത്തിന്റെയും പീഢാസഹനങ്ങളോര്‍ത്ത് ദുഃഖിക്കുന്നതിന്റെയും ദിവസമായി ആചരിക്കുന്നു. മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേല്‍ക്കുമെന്ന വിശ്വാസവും പ്രതീക്ഷയും അതു നല്‍കുന്നു.
യേശു തന്റെ ശിഷ്യന്മാരോടൊപ്പം അന്ത്യ അത്താഴം കഴിക്കുകയും, അവരുടെ കാലുകള്‍ കഴുകി വിനയത്തിന്റെ ഉദാത്ത മാതൃക കാണിക്കുകയയും ചെയ്ത പെസഹാ വ്യാഴത്തിനു തൊട്ടടുത്ത ദിനമാണ് ദുഃഖവെള്ളി. ഈ ദിവസം ക്രൈസ്തവ വിശ്വാസികള്‍ യേശുക്രിസ്തുവിന്റെ പീഡാസഹനത്തെയും കാല്‍വരിമലയിലെ കുരിശു മരണത്തെയും അനുസ്മരിക്കുന്നു.

ഇതോടനുബന്ധിച്ച് ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകളും ചടങ്ങുകളും നടക്കും. എറണാകുളം മലയാറ്റൂര്‍ സെന്റ് തോമസ് പള്ളിയില്‍ ഭക്തര്‍ പുലര്‍ച്ചെ തന്നെ മലകയറി തുടങ്ങി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. സിറോ മലബാര്‍ സഭ അധ്യക്ഷന്‍, മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍, കോട്ടയം കുടമാളൂര്‍ സെന്റ് മേരീസ് ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ ദുഃഖവെള്ളി ശ്രുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.
ലത്തീന്‍ സഭ വരാപ്പുഴ അതിരൂപത ആര്‍ച്ച് ബിഷപ്പ്, ജോസഫ് കളത്തിപ്പറമ്പില്‍ എറണാകുളം സെന്റ് ഫ്രാന്‍സീസ് അസീസി കത്തീഡ്രലില്‍ വൈകുന്നേരം ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കും. യാക്കോബായ സഭ മെത്രാപൊലീത്തന്‍ട്രസ്റ്റി, ബിഷപ്പ് ജോസഫ് മാര്‍ ഗ്രിഗോറിയോസ്, എറണാകുളം തിരുവാങ്കുളം കൃംന്താ സെമിനാരിയില്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും. ഓര്‍ത്തഡോക്‌സ് സഭ കൊല്ലം ഭദ്രാസനാധിപന്‍, ബിഷപ്പ് ഡോ.ജോസഫ് മാര്‍ ദിവന്നാസിയോസ് തിരുവല്ല വളഞ്ഞവട്ടം സെന്റ് മേരീസ് പള്ളിയില്‍ ദുഖവെള്ളി ചടങ്ങുകള്‍ക്ക് കാര്‍മികത്വം വഹിക്കും



