
തൃശൂര്‍: സ്‌കൂട്ടര്‍ യാത്രികന് സൂര്യതാപമേറ്റു. ചേര്‍പ്പ് സര്‍വ്വീസ് സഹകരണ ബാങ്കിന് മുന്നില്‍ വ്യാപാര സ്ഥാപനം നടത്തുന്ന ചാത്തക്കുടം സ്വദേശി രതീഷിനാണ്(46) സൂര്യതാപമേറ്റത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. രതീഷ് പൂച്ചിന്നിപ്പാടം എന്ന സ്ഥലത്തേക്ക് പോകുന്നതിനിടെ ശരീരത്തില്‍ അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു.
യാത്രയ്ക്കിടെ ശരീരത്തില്‍ അസഹനീയമായ നീറ്റല്‍ അനുഭവപ്പെട്ടെങ്കിലും ഇത് കാര്യമാക്കിയില്ല. രാത്രി വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് രണ്ട് കൈയ്യിലും കാലിലും ചെറിയ കുമിളകള്‍ പോലെ കണ്ടത്. പിന്നീട് അത് കൂടുതല്‍ വലുതാകുകയായിരുന്നു. ഇന്ന് രാവിലെ രതീഷ് ചേര്‍പ്പിലെ സാമൂഹികരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയപ്പോഴാണ് സൂര്യതാപമേറ്റതാണെന്ന് അറിഞ്ഞത്.



